മോസ്‌കോ: സദസ്സിനെ അമ്പരപ്പിച്ച് തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുടിന്‍. ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സമ്മേളനത്തിനിടെയാണ് തനിക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലെന്ന് തുറന്നുപറഞ്ഞ് പുടിന്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രസിഡന്റിന് ഫോണില്ലെങ്കിലും 52കാരനായ പ്രധാനമന്ത്രി ദ്മിത്രി മെദ്വദെവിന്റെ കയ്യില്‍ ഐ ഫോണ്‍ സ്ഥിരം കാണാന്‍ കഴിയാറുണ്ട്.

നേരത്തേയും പുടിന്‍ സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇടെപടാന്‍ തനിക്ക് വലിയ താല്‍പര്യമില്ലെന്ന് പുടിന്‍ പറഞ്ഞിരുന്നു. കുര്‍ചതോവ് ന്യൂക്ലിയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി മിഖായില്‍ കൊവല്‍ചക്, ഇക്കാലത്ത് എല്ലാവരുടെ പോക്കറ്റിലും സ്മാര്‍ട്‌ഫോണ്‍ ഉണ്ടാകുമെന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് പുടിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന സത്യം പുറത്തുപറഞ്ഞത്. താന്‍ ഇന്റര്‍നെറ്റും വളരെ അപൂര്‍വമായെ ഉപയോഗിക്കാറുള്ളൂവെന്ന് കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കുട്ടികളുമായുള്ള ഒരു സംവാദത്തിനിടെ പുടിന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് ഇന്റര്‍നെറ്റ് വിരളമായി ഉപോഗിക്കാറുള്ളൂ വെന്ന് പറയുമ്പോഴും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ ആക്റ്റീവാണെന്നതാണ് ശ്രദ്ധേയമായ കാര്യം.