ഹൈദരാബാദ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന് തെലുങ്ക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി. മറ്റാര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മോദി സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും തെലുങ്ക് വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുത്. തെലുങ്ക് ജനതയോട് മോദി ചെയ്തത് ചതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കര്‍ണാടകത്തിലെ റായ്ച്ചൂര്‍, ബെല്ലാരി ജില്ലകളിലും തുംകൂര്‍, കോളര്‍, ബിദര്‍ എന്നിവിടങ്ങളിലും തെലുങ്ക് വോട്ടര്‍മാരുടെ സാന്നിധ്യമുണ്ട്. ഇവക്കു പുറമെ ബംഗളൂരു ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലും തെലുങ്ക് വോട്ടര്‍മാരുടെ സാന്നിധ്യമുണ്ട്. അതിനാല്‍ എല്ലാവരും ഒന്നിച്ച് ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രക്കു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ ടി.ഡി.പി സഖ്യം എന്‍.ഡി.എ വിട്ടിരുന്നു.