വിവാഹ വേദിയില്‍ വച്ച് നടത്തിയ തകര്‍പ്പന്‍ ഡാന്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മകളായാണ് വൃദ്ധി സിനിമയില്‍ വേഷമിടുക. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി അഭിനയിക്കുന്നുണ്ട്.

വൃദ്ധിയുടെ പിതാവ് വിശാല്‍ കണ്ണന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയര്‍ ചെയ്ത മീഡിയാസിനും ഓരോരുത്തര്‍ക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാല്‍ ബിഗ് സ്‌ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാര്‍ത്ഥിക്കണം.’- വിശാല്‍ കണ്ണന്‍ കുറിച്ചു.

സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.