X

വഖഫ് നിയമന ഭേദഗതി നിയമ ലംഘനം

അഡ്വ. എം. സിയാദ് കൊല്ലം

1937 ലെ ശരിഅത്ത് നിയമപ്രകാരം വഖഫ് എന്നത് മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു വിഷയമാണ്. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും, ശേഷവുമായി ഇന്ത്യയില്‍ അവശേഷിക്കപ്പെട്ടതും പുതുതായി രൂപീകൃതമായിട്ടുളളതുമായ വഖഫ് വസ്തുവകകള്‍ വഖഫുകളായ മസ്ജിദുകള്‍, മതപഠനശാലകള്‍, മതധര്‍മ്മസ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുളള വഖഫുകളുടെ പരിപാലനം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവയില്‍ പൂര്‍ണ്ണമായും മേല്‍നോട്ടം വഹിക്കുന്നതിനുമായിട്ടാണ് കേന്ദ്രത്തില്‍ വഖഫ് കൗണ്‍സിലും സംസ്ഥാനങ്ങളിലായി വഖഫ് ബോര്‍ഡുകളും രൂപീകരിക്കുന്നതിലേക്ക് നിയമവ്യവസ്ഥകളുണ്ടാക്കി കേന്ദ്രസര്‍ക്കാര്‍ 1954 ല്‍ ആദ്യമായി വഖഫ് നിയമം പാസ്സാക്കിയത്. അതിനുശേഷം നിയമത്തില്‍ പല ഭേദഗതികള്‍ വന്നെങ്കിലും വഖഫ് നിയമത്തില്‍ കാതലായ ഭേദഗതികള്‍ വരുത്തി 1995 ല്‍ പുതിയ വഖഫ് നിയമം കൊണ്ടുവരികയും 2013 ചെറിയ ഭേദഗതികള്‍ വരുത്തി നിയമത്തെ ബലപ്പെടുത്തുകയുമുണ്ടായി. വഖഫുകളുടെ പരിപാലനത്തിനും മേല്‍നോട്ടത്തിനുമായി വഖഫ് ബോര്‍ഡുകള്‍ക്കുളള വ്യക്തമായ അധികാരങ്ങള്‍ കേന്ദ്ര വഖഫ് നിയമത്തില്‍ വിവിധ വകുപ്പുകളിലായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

വഖഫുകളുടെ വിഷയത്തില്‍ വ്യക്തമായ അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് ഉളളതുപോലെ തന്നെ വഖഫ് ബോര്‍ഡ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമനസംബന്ധമായ കാര്യങ്ങളും വഖഫ് ബോര്‍ഡിനാണ് അധികാരമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുമായി കണ്‍സള്‍ട്ട് ചെയ്യണമെന്നെയുളളൂ. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമനവും സേവനവേതന വ്യവസ്ഥകളും ഔദ്യോഗിക കാലാവധിയും മറ്റും റഗുലേഷനിലൂടെ ബോര്‍ഡിന് തീരുമാനിക്കാമെന്ന് നിയമത്തിലെ വകുപ്പ് 24 (1) (2) ലുമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അങ്ങെനെയൊരു വകുപ്പും വ്യവസ്ഥയും നിയമത്തില്‍ പ്രതിപാദിച്ചിട്ടുളളപ്പോള്‍ ബോര്‍ഡിനുളള ആ അധികാരം പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് കേന്ദ്ര നിയമത്തിന് വിരുദ്ധവും, നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതുമാണ്. വഖഫ് നിയമം വകുപ്പ് 24 (2) ല്‍ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമനവും സേവനവ്യവസ്ഥകളും കാലാവധിയും മറ്റും വഖഫ് ബോര്‍ഡുകള്‍ കൊണ്ടുവരുന്ന റഗുലേഷനുകള്‍ പ്രകാരമാണെന്നും നിയമത്തിലുണ്ട്. വഖഫ് ബോര്‍ഡുകള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റഗുലേഷനുകള്‍ കൊണ്ടുവരാമെന്ന് വഖഫ് നിയമത്തിലെ വകുപ്പ് 110 പ്രകാരം അധികാരമുണ്ട്. മേല്‍വകുപ്പ് 110 (ഇ) പ്രകാരം ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമനകാര്യങ്ങളിലും അധികാരം ബോര്‍ഡിനാണ്. സര്‍ക്കാരിന്റെ അറിവും അനുമതിയും മതിയാകും. അങ്ങനെയുളള റഗുലേഷനുകള്‍ സംസ്ഥാന നിയമസഭയില്‍ വെയ്ക്കണമെന്ന വകുപ്പ് 111 ല്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര വഖഫ് നിയമത്തിലെ മേല്‍ വകുപ്പുകളായ വകുപ്പ് 24 ഉം 110 ഉം പരസ്പരം ബന്ധപ്പെട്ടതും ആയത് നിയമാപഗ്രഥനം നടത്തി വിശകലനം ചെയ്തു പരിശോധിക്കുമ്പോള്‍ മേല്‍ വകുപ്പുകള്‍ പ്രകാരം ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമന വിഷയത്തില്‍ വഖഫ് ബോര്‍ഡിനുളള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തത് കേന്ദ്ര വഖഫ് നിയമത്തിന്റെ ലംഘനമാണ്. വഖഫ് ആക്ടില്‍ വഖഫ് ബോര്‍ഡിന്റെ പ്രധാന ഉദ്യോഗസ്ഥനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനത്തിനായി പേര് നിര്‍ദ്ദേശിക്കാനുളള അധികാരം ബോര്‍ഡുകള്‍ക്കാണെന്നും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വഖഫ് ബോര്‍ഡിന്റെ ഭരണനിയന്ത്രണത്തിന് വിധേയനായിരിക്കുമെന്നും വകുപ്പ് 23 ല്‍ വ്യവസ്ഥ ചെയ്യുന്നു. (വഖഫ് ഭേദഗതി ആക്ട് 2013). ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സുകളും പെന്‍ഷനും നല്‍കുന്നത് വഖഫ് ബോര്‍ഡാണ്. കേരള വഖഫ് റൂള്‍സ് 63 ല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ബോര്‍ഡ് നല്‍കേണ്ട ശമ്പളത്തിനും അലവന്‍സുകള്‍ക്കും പ്രത്യേകം വ്യവസ്ഥകളുണ്ട്. ജീവനക്കാരുടെ നിയമനസംബന്ധമായി വഖഫ് നിയമത്തിലെ വകുപ്പ് 24 (2) ലെ നിര്‍വചനങ്ങള്‍ ബഹു. കേരള ഹൈക്കോടതി BM. Jamal Vs State of Kerala എന്ന കേസ്സിലും രാജസ്ഥാന്‍ ഹൈക്കോടതി Authar Rahman Vs State of Rajasthan എന്ന വഖഫ് ജീവനക്കാരന്റെ പെന്‍ഷന്‍ സംബന്ധമായ കേസ്സിലും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം ബോര്‍ഡുകള്‍ക്കുളള അധികാരം നിലനില്‍ക്കെ ആ അധികാരം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്കായാണ് ബില്‍ അവതരിപ്പിച്ചത്. വഖഫ് ബോര്‍ഡിന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമനം സംബന്ധിച്ച് ബില്ല് കൊണ്ടുവന്നതിന്റെ നിയമസാധുതയും പരിശോധിക്കപ്പെടേണ്ടതുമാണ്.കേന്ദ്ര നിയമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമാനുസൃതമായി ചട്ടങ്ങള്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുളള 2019 ലെ കേരള വഖഫ് ചട്ടങ്ങളിലൊന്നും മേല്‍ വകുപ്പ് 24 പ്രകാരമുളള അധികാരത്തെ വ്യവസ്ഥപ്പെടുത്തി ചട്ടങ്ങളൊന്നും നിലവിലില്ല. ആ കാരണത്താല്‍ തന്നെയാണ് വഖഫ് ബോര്‍ഡിന്റെ നിയമനാധികാരത്തെ സര്‍ക്കാരില്‍ മാത്രം നിക്ഷ്പ്തമാക്കി ബില്ല് കൊണ്ടുവന്ന് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും നിയമനം പി.എസ്.സി ക്ക് വിട്ടത്. ആയത് കേന്ദ്ര വഖഫ് നിയമപ്രകാരമുളള കേരള വഖഫ് ബോര്‍ഡിന്റെ നിയമനാധികാരത്തിലേക്കുളള കടന്നുകയറ്റമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡ് നിയമനങ്ങളെല്ലാം അതാത് വഖഫ് ബോര്‍ഡുകള്‍ക്കാണ് നിലവിലുളളത്.

(സംസ്ഥാന വഖഫ് ബോര്‍ഡിന്റെ മുന്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍ അംഗമാണ് ലേഖകന്‍)

web desk 3: