X

അമ്മക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യൂ.സി.സി; മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി രേവതി

എറണാകുളം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി). നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ മുതിര്‍ന്ന നടിയായ രേവതി ആഞ്ഞടിച്ചത്.
പേരു വ്യക്തമായി അറിഞ്ഞിട്ടും ഗുരുതരമായ ഒരു വിഷയം സംബന്ധിച്ച സംസാരത്തില്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഞങ്ങളെ നടിമാര്‍ എന്ന് വിളിച്ചു എന്നായിരുന്നു ആരോപണം.

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്താണ്. ഇതാണോ നീതിയെന്നും സംവിധായികയും നടിയുമായ രേവതി ചോദിച്ചു. യുവനടിക്കെതിരെ അതിക്രമം നടന്ന വിഷയത്തില്‍ വിശദീകരണം ചോദിച്ചപ്പോളാണ് ഞങ്ങളുടെ പേരുപോലും പറയാന്‍ അദ്ദേഹം മടി കാണിച്ചത്.

ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്, രേവതി പറഞ്ഞു.

യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടവന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തില്‍ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

അഞ്ജലി മേനോന്‍, പാര്‍വതി, രേവതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ തുടങ്ങിയ നടിമാരാണ് വാര്‍ത്ത സമ്മേളനത്തിനായെത്തിയത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും എത്തിയിരിക്കുന്നത്.

chandrika: