ദക്ഷിണ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ മിന്നൽ ഫോമും അർജന്റീനയുടെ ശനിദശയും തുടരുന്നു. സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ വേനസ്വെലയെ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അർജന്റീന സ്വന്തം ഗ്രൗണ്ടിൽ പരാഗ്വേയോട് തോറ്റു. പെറുവിനെ വീഴ്ത്തി ചിലി പ്രതീക്ഷ കാത്തു.

എവേ മത്സരത്തിൽ 8, 53 മിനുറ്റുകളിൽ ഗബ്രിയേൽ ജീസസ്, വില്ലിയൻ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. ബോളിവിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ നെയ്മർ കളിച്ചിരുന്നില്ല. തുടർച്ചയായി നാലാം മത്സരം ജയിച്ച ബ്രസീൽ 21 പോയിന്റോടെ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി.

ലയണൽ മെസ്സിയുടെ അഭാവത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ അർജന്റീനയെ 18ആം മിനുട്ടിൽ ഡെർലിസ് ഗോൺസാല്വസ് ആണ് ഞെട്ടിച്ചത്. സെർജിയോ അഗ്വേറോ, ഡിമാരിയ, ഹിഗ്വയ്ൻ തുടങ്ങിയ പ്രമുഖർ ഉണ്ടായിട്ടും പരാഗ്വേ പ്രതിരോധത്തെ കീഴടക്കാൻ ആർജന്റീനക്കായില്ല. അർജന്റീന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.