kerala

ഷഹബാസിന്റെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണം വേണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By Lubna Sherin K P

March 05, 2025

ഷഹബാസിന്റെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും ലഹരിക്കെതിരെ സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഹപാഠികളുടെ ക്രൂരതക്കിരയായി ജീവന്‍ നഷ്ടമായ താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നിയമപരമായി കര്‍ശനമായി നേരിടണം. പഴുതടച്ച അന്വേഷണം നടത്തണം. വിദ്യാലയങ്ങളിലെ ലഹരിയുടെ വ്യാപനം നിസ്സാരമായി കാണാന്‍ കഴിയില്ല. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം- തങ്ങള്‍ പറഞ്ഞു.

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ആരും രക്ഷപ്പെടാന്‍ പാടില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടോ എന്ന കാര്യം ഞങ്ങളും വീക്ഷിക്കുകയാണ്. ലഹരിക്കെതിരെ ജനരോഷമുയരണം. ഭരണകൂടം നടപടി സ്വീകരിച്ചാലേ മാറ്റമുണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.