കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആയുധശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളം. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് മാരാകായുധങ്ങളെന്ന പൊലീസ് എഫ്‌ഐആര്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രി വെട്ടിലായി. സംഭവത്തില്‍ ആയുധ നിയമ പ്രകാരം കേസെടുത്തതായുംഎഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. റെയ്ഡിനെതിരെ എസ്.എഫ്.ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോളജില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ വിശദീകരണം. ഇന്നലെ താന്‍ സഭയില്‍ പറഞ്ഞത് മനക്കണക്കല്ലെന്നും പൊലീസ് എഫ്.ഐ.ആര്‍ പ്രകാരമാണെന്നും ന്യായീകരണവുമുണ്ടായി. പൊലീസ് എഫ്‌ഐആര്‍ പുറത്തു വന്നതോടെ മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഗാര്‍ഹികമോ, കാര്‍ഷികമോ ആയ ആവശ്യങ്ങള്‍ക്കല്ലാതെ മാരാകായുധത്തില്‍പ്പെട്ട ഒന്നര അടി നീളവും മൂര്‍ച്ചയുള്ളതുമായ വെട്ടുകത്തിയും മറ്റു കമ്പി വടികളും എറണാകുളം മഹാരാജാസ് കോളജ് സ്റ്റാഫ് ഹോസ്റ്റലിന്റെ 14ാം നമ്പര്‍ മുറിയില്‍ സംഭരിച്ച് വെച്ചിരിക്കുന്നതായി കാണപ്പെട്ടുവെന്നും ഇത്് കസ്റ്റഡിയിലെടുത്തുവെന്നുമാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സ്റ്റീലിന്റെയും ഇരുമ്പിന്റെയും പൈപ്പുകള്‍, ഇരുമ്പിന്റെയും തടികളുടെയും വടികള്‍ എന്നിവ ഇവിടെ നിന്നും കണ്ടെടുത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായും എഫ്‌ഐആറില്‍ പറയുന്നു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ താല്‍ക്കാലികമായി ഒഴിപ്പിച്ചെങ്കിലും പ്രതിഷേധം കാരണം കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കുകയായിരുന്നു. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്. പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ നേരത്തേതന്നെ ഹോസ്റ്റലില്‍നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ലെന്നാണ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറിപൂട്ടിയിരുന്നു. സംഭവദിവസം ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് നിന്നും 14ാം നമ്പര്‍ മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാനറില്‍ പെതിഞ്ഞനിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.