X

ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കാണ്ഡഹാറിലെത്തിച്ചത് അജിത് ഡോവല്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രം മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് മോദിയുടെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ മുനയൊടിക്കുന്ന ആരോപണവുമായി രാഹുല്‍ രംഗത്ത് വന്നിരിക്കുന്നത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അജിത് ഡോവലിനെ രാഹുല്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്.

40 ധീരജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന മസൂദിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി പറയണമെന്നും നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് അസ്ഹറിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്ന് അതിനൊപ്പം പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മോദിയോട് ഒറ്റ ചോദ്യം മാത്രം, ആരാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊന്നത്. ആരാണ് ആ കൊലയാളികളുടെ നേതാവ്. അയാളുടെ പേരാണ് മസൂദ് അസ്ഹര്‍. നിങ്ങളുടെ സര്‍ക്കാരാണ് അയാളെ മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചത്. മോദി, താങ്കളെപ്പോലെയല്ല ഞങ്ങള്‍ ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കില്ല രാഹുല്‍ പറഞ്ഞു.

1999ല്‍ ഭീകരര്‍ റാഞ്ചിയ വിമാനം വിട്ടുനല്‍കാന്‍ അന്നത്തെ വാജ്‌പെയ് സര്‍ക്കാറാണ് ജയ്‌ശെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ വിട്ടയച്ചത്. 1999ല്‍ കാഠ്മണ്ഡു-ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (ഐ.സി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരര്‍ നൂറ്റിയന്‍പതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹര്‍, ഉമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്‌പേയ് സര്‍ക്കാര്‍ വഴങ്ങി. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: