X

രാജീവ് ഗാന്ധി വധം; ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി

രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ പങ്കെന്താണെന്നും ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഇക്കാര്യങ്ങളില്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ ഫലമെന്താണെന്ന കാര്യം ബുധനാഴ്ച അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബിന്റെ നിര്‍മാണത്തിന് രണ്ട് ബാറ്ററികള്‍ നല്‍കിയെന്നതാണ് പേരറിവാളനെതിരെ കണ്ടെത്തിയ കുറ്റം. എന്നാല്‍ സി.ബി.ഐയും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ബോംബ് നിര്‍മിച്ചതിനും വിതരണം ചെയ്തതിനും പിറകിലുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയില്‍ നിന്ന് ശേഖരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ഈ ആവശ്യമുന്നയിച്ചത്. ഒരു മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകത്തിന്റെ അന്വേഷണ പുരോഗതി എന്താണെന്നും കോടതി ചോദിച്ചു. 1991 മെയ് 21നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടത്. ബെല്‍റ്റ് ബോംബ് ധരിച്ച സ്ത്രീ രാജീവ് ഗാന്ധിക്കടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനായി ബോംബ് നിര്‍മിക്കാന്‍ രണ്ട് ബാറ്ററികള്‍ എത്തിച്ചു നല്‍കിയെന്ന കേസില്‍ എ.ജി പേരറിവാളന്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. കേസില്‍ ആരാണ് ബോംബ് നിര്‍മിച്ചതെന്നോ എങ്ങനെ നിര്‍മിച്ചെന്നോ എങ്ങനെ അത് വിതരണം ചെയ്തുവെേന്നാ അന്വേഷണ സംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു. ബോംബ് നിര്‍മാണ ഗൂഢാലോചന സംബന്ധിച്ച റിപ്പോര്‍ട്ട് വന്നാല്‍ തന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിനായി മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ 1998 ഒക്‌ടോബര്‍ രണ്ടിനാണ് നിയോഗിക്കുന്നത്. സി.ബി.ഐയിലെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അന്വേഷണ സംഘം രൂപീകരിച്ചത്.

chandrika: