X

ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതാര്?

ടി.കെ സഫീറുല്‍ അക്ബര്‍

നോവേറ്റു പിടയുന്ന ഇന്ത്യയെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേന്മ പറയുന്ന ഇന്ത്യ ഇന്ന് പണമിറക്കി ജനപ്രതിനിധികളെ ചാക്കിട്ടുപിടിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നെറികേടിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ എല്ലാ മേഖലകളും കയ്യടിക്കഴിഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ മുന്നേറുകയാണ്. ഇവിടെയാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യമെന്ന വലിയ മുദ്രാവാക്യത്തിന്റെ പ്രസക്തി. ഓരോ പ്രാദേശിക രാഷ്ട്രീയ കക്ഷികളും തനിച്ചു പോരാടാന്‍ നിന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നല്‍കുന്ന പാഠം മറ്റൊന്നല്ല.

കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ് ബി.ജെ.പി ഇതരുടെ ശബ്ദം. ഈ എട്ട് സംസ്ഥാനം ഭരിക്കുന്ന പലരും പ്രത്യക്ഷമായും പരോക്ഷമായും ബി.ജെ.പിയെ പലപ്പോഴായി സഹായിക്കുന്നവരുമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവരുടെ തനിരൂപം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളോ ജനാധിപത്യത്തിന്റെ നിലനില്‍പ്പോ ഇത്തരം കക്ഷികള്‍ക്ക് പലപ്പോഴും വിഷയമല്ല. വ്യക്തിപരമായ താല്‍പര്യങ്ങളും അധികാരമോഹവുമാണ് പലരുടെയും മുഖ്യഅജണ്ട. പല കക്ഷികളും അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത്തരം പാര്‍ട്ടികള്‍ക്കൊന്നും ബി.ജെ.പിയെ ഒറ്റക്ക് പ്രതിരോധിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇവിടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പാര്‍ട്ടിയുടെ പ്രസക്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടവും സംഘടനാ സംവിധാനവും പ്രതിപക്ഷ നിരയില്‍ ഇന്നുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. ഓരോ സംസ്ഥാനത്തും ശരാശരി 23 അസംബ്ലി സീറ്റുകള്‍ ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തി ഒരു പ്രതിപക്ഷ ഐക്യം സാധ്യമല്ല.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രധാനികളായ സി.പി.എം അടക്കം മാറ്റിചിന്തിച്ചുകൊണ്ടിരിക്കയാണ്. ബിഹാറും മഹാരാഷ്ട്രയും രാജസ്ഥാനും തെലങ്കാനയും അടക്കം തങ്ങള്‍ക്ക് സംഘടനാ സംവിധാനമുള്ളയിടങ്ങളില്‍ നിന്നൊക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി പാര്‍ലമെന്റിലേക്ക് ജയിച്ച് കയറാനുള്ള പുറപ്പാടിലാണ് അവര്‍. 40ല്‍പരം എം.പി മാര്‍ ലോകസഭയിലും മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ സംഘടനാ സംവിധാനവും ഭരണവും കയ്യാളിയ പാര്‍ട്ടിക്ക് ഇന്ന് കേവലം മൂന്ന് പേരാണ് ലോകസഭയില്‍ ഉള്ളത് എന്ന യാഥാര്‍ഥ്യം കേരളത്തിലെ സി.പി.എമ്മുകാര്‍ മനസ്സിലാക്കുന്നില്ല. ആകെ പിടിച്ചുനില്‍ക്കുന്നത് കേരളത്തിലെ ഭരണത്തണലില്‍ മാത്രമാണ്.

മുന്നണി സംവിധാനങ്ങള്‍കൊണ്ട് ആര്‍ക്കും ഒരു കോട്ടവും ഇതുവരെ ഉണ്ടായിട്ടില്ല. സി.പി.എമ്മിനടക്കം നല്ലൊരു ലോകസഭാ പ്രാതിനിത്യം ഉണ്ടാക്കിയെടുക്കാന്‍ മുന്നണി സംവിധാനത്തിലൂടെ സാധിക്കുന്നതുമാണ്. ഇന്ത്യയുടെ നാഡീഞരമ്പുകള്‍ തൊട്ടറിയാന്‍ കോണ്‍ഗ്രസിനാവും. അതിന് ഉദാഹരണമാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. കാലിക പ്രസക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഇത്തരത്തിലുള്ള യാത്രയെ പിന്തുണക്കേണ്ടത് അനിവാര്യമാണ്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തില്‍ നടത്തിയ യാത്രയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇത്തരത്തിലുള്ള യാത്രകളും സംഗമങ്ങളും ചര്‍ച്ചാവേദികളും നടക്കുന്നത് മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്ക് മുതല്‍കൂട്ടാവും. തല്‍പ്പരകക്ഷികളായ മറ്റു പാര്‍ട്ടികളും അവര്‍ക്ക് ആവുന്ന മേഖലകളിലൊക്കെ ഇത്തരം യാത്രകളും സംഗമങ്ങളും സാംസ്‌കാരിക ഇടപെടലുകളും നടത്തിയാല്‍ പ്രതിപക്ഷനിരയെ ശക്തിപ്പെടുത്താന്‍ കൂടി അതുപകരിക്കും. ബി.ജെ.പി മുന്നണിക്ക് പുറത്തുള്ള ജനാധിപത്യ കക്ഷികളെ സംബന്ധിച്ചേടത്തോളം ഇത്തരത്തിലുള്ള യാത്രകള്‍ വലിയ പ്രചോദനമാണ്. അസ്തമിക്കുന്ന ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ മതേതര ഇന്ത്യയിലെ സെക്കുലര്‍ പാര്‍ട്ടികളുടെ പങ്ക് അനിവാര്യമാണ്.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ ഒരിക്കലും ഒരു ബാലികേറാമലയല്ല. ഇന്ന് ഇന്ത്യയിലെ മുന്നണി സംവിധാനങ്ങളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ മുന്നണിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രബലരായ ഡി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.യു, ശിവസേന, എന്‍.സി.പി, ജെ.എം.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, വി.സി.കെ, ആര്‍.എസ്.പി തുടങ്ങിയവര്‍ ഇതിലംഗമാണ്. മുന്നണിക്ക് പുറത്തുള്ള സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, എ.ഐ.യു.ഡി.എഫ്, ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി, ജെ.ഡി.എസ് തുടങ്ങിയ പാര്‍ട്ടികളും കൂടെ നിന്നാല്‍ ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാനാവും. എന്നാല്‍ ഇതില്‍ ചിലരുടെ ചുവട് എങ്ങനെയാവും എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പി മുന്നണി നോക്കിയാല്‍ പ്രബലരായി ശിവസേന (വിമതര്‍) ആണ് നിലവിലുള്ളത്. കൂടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുകക്ഷികളും. നല്ലൊരു ഇന്ത്യക്കായി, നല്ലൊരു മാറ്റത്തിനായി മതേതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ വരട്ടെ. ഇന്ത്യയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാന്‍, തകര്‍ന്ന പൈതൃകവും സംസ്‌കാരവും ബഹുസ്വരതയും തിരിച്ചുകൊണ്ടുവരാന്‍, നല്ലൊരു നാളെ പുലരുക തന്നെ ചെയ്യും. അതിനാവട്ടെ നമ്മുടെ പരിശ്രമം.

web desk 3: