X

വന്യജീവി അക്രമം; പ്രതിവര്‍ഷം കൊലപ്പെടുന്നത് ഇരുപതിലധികം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്‍. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ അബ്ദുറബ്ബ്, എന്‍.എ നെല്ലിക്കുന്ന്, സി മമ്മൂട്ടി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തും. ഇതിനായുള്ള കരട് നിയമം തയാറായി. ഇതിന്മേല്‍ വിവിധി ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ആവശ്യമായ മാറ്റം വരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പാലിന് വിപണി ഉറപ്പിക്കാന്‍ കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മില്‍മ വിപണിയിലിറക്കും. ക്ഷീര സഹകരണ ആധുനികവത്കരണത്തിനും ശാക്തീകരണത്തിനും 1550 ലക്ഷം രൂപയുടെ പദ്ധതികള്‍ 2019-20 വര്‍ഷത്തില്‍ നടപ്പാക്കും.

ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വൃക്ഷതൈകള്‍ വിവിധയിടങ്ങളില്‍ മറ്റ് പദ്ധതികളുടെ ഭാഗമായും ഇതര വകുപ്പുകളുടെ സഹകരണത്തോടയും നട്ടുപിടിപ്പിക്കും. ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. രാജകീയ വൃക്ഷങ്ങള്‍ എന്നറിയപ്പെടുന്നന തേക്ക്, ചന്ദനം, ഈട്ടി എന്നിവയുടെ ലഭ്യത കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് മൂന്ന് വൃക്ഷങ്ങളുടെയും ഒരു വര്‍ഷം പ്രായമായ കൂടത്തൈകള്‍ വിതരണം ചെയ്യാന്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് പ്രായോഗികമല്ലെന്ന് കണ്ട് പദ്ധതി നടപ്പാക്കിയില്ല. ഈ പദ്ധതിക്കായി തയ്യാറാക്കിയ തൈകള്‍ എല്ലാ ജില്ലകളിലെയും വനത്തിന് പുറത്തുള്ള പൊതുസ്ഥലങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധീനതയിലുള്ള സ്ഥലങ്ങളിലും വനം വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകളുമായി ചേര്‍ന്നും ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി മുഖേനയും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തമായി നട്ട് പിടിപ്പിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 613 വ്യദ്ധ സദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതില്‍ സര്‍ക്കാര്‍ വ്യദ്ധ സദനങ്ങള്‍ 16 എണ്ണവും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവ 597 എണ്ണവുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ 1920 അനാഥാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. സാമൂഹ്യ നീതി വകുപ്പിനും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിനുമാണ് ഇതിന്റെ നിയന്ത്രണ അധികാരമെന്ന് മന്ത്രി പറഞ്ഞു.

chandrika: