X
    Categories: gulfNews

യു.എ.ഇയിലേക്കുള്ള ഇസ്രയേല്‍ വിമാനം വരുന്നത് എങ്ങനെ? കണ്ണുനട്ട് അറബ് ലോകം

അബുദാബി/ടെല്‍അവീവ്: നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതോടു കൂടി തിങ്കളാഴ്ച ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം യു.എ.ഇയിലെത്തുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസാണ് തിങ്കളാഴ്ചയിലേത്.

ഇസ്രയേലിലെ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യവിമാനം. ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വൈബ്സൈറ്റില്‍ വെള്ളിയാഴ്ച ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു. തിങ്കളാഴ്ച യുഎഇയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ബെന്‍ ഗുരിയന്‍ വിമാനത്താവളത്തിലേക്കു തന്നെ തിരിക്കും.

എല്‍വൈ 971 നമ്പര്‍ ബോയിങ് വിമാനത്തില്‍ യു.എസില്‍ നിന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജെറാദ് കുഷ്‌നര്‍, യു.എസ് ഉദ്യോഗസ്ഥര്‍, ഇസ്രയേല്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ് ഇറാന്‍ ബ്രിയന്‍ ഹൂക് എന്നിവരാണ് ഉള്ളത്. ഇസ്രയേല്‍ സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയര്‍ ബെന്‍ ഷബ്ബാത് ആണ് നയിക്കുന്നത്. വിവിധ ഇസ്രയേല്‍ മന്ത്രാലയങ്ങള്‍ അവരുടെ പ്രതിനിധികളെ അയക്കുന്നുണ്ട്. വിദേശ, പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍മാരും സംഘത്തിലുണ്ട്.

സാധാരണഗതിയില്‍ സഊദി അറേബ്യയുടെ വ്യോമപാത ഉപയോഗിച്ചേ ഈ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകൂ. ഇസ്രയേലിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ റിയാദ് അനുമതി നല്‍കിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ ശക്തമായി നിലനില്‍ക്കുന്ന രാഷ്ട്രമാണ് സഊദി. ജൂത രാഷ്ട്രവുമായി നയതന്ത്ര ബന്ധവും സഊദിക്കില്ല. അതു കൊണ്ടു തന്നെ സഊദി വ്യോമ പാത ഇസ്രയേല്‍ ഉപയോഗിക്കുമോ എന്നാണ് അറബ് ലോകം ഇപ്പോള്‍ കൗതുകത്തോടെ ഉറ്റു നോക്കുന്നത്.

 

 

Test User: