കോഴിക്കോട്: ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ശക്തമായ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടവറുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ അധികസമയം ചെലവഴിക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.