തിരുവനന്തപുരം: പ്രളയശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്കില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന കോടികള്‍ കോടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെ തുടര്‍ന്ന് മുടങ്ങി. ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രത്തിന്റെ ചെയ്തികള്‍ കാരണം മുടങ്ങിയത്.

കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്പയെടുക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ ഡവലപ്‌മെന്റ് പോളിസി ലോണ്‍ (ഡിപിഎല്‍) എടുക്കുന്നത് തടഞ്ഞത്. ഇതോടെ, ലോക ബാങ്കില്‍ നിന്ന് പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്‌സ് (പിഫോര്‍ആര്‍) ആയി വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ഒട്ടേറെ നടപടിക്രമങ്ങളുള്ളതിനാല്‍ ഇതു വൈകും.

പ്രളയം മൂലം തകര്‍ന്ന കേരളത്തിന് നവകേരള നിര്‍മാണത്തിനായി 3500 കോടി രൂപയാണ് ലോകബാങ്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ പകുതി തുക 2019 സെപ്തംബറില്‍ ലഭിച്ചിരുന്നു. ശേഷിച്ച തുക ഈ വര്‍ഷം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം വന്നതോടെ ആ തുക ലഭിക്കില്ല.