ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ ശക്തമാണെന്നും സഖ്യം തകരുമെന്ന യെദ്യൂരപ്പയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന വെറും മോഹമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ട്വീറ്റിലൂടെയായിരുന്നു യെദ്യൂരപ്പയ്ക്ക് സിദ്ധരാമയ്യയുടെ മറുപടി.

കര്‍ണാടകയില്‍ നിന്നും ലോക്‌സഭയിലേക്ക് ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് കേന്ദ്രം ഭരിക്കാനുള്ള അവകാശമാണെന്നും അല്ലാതെ സംസ്ഥാന ഭരണം മറിച്ചിടാനുള്ള അനുമതിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞ് നടക്കുകയാണ് യെദ്യൂരപ്പ. ഇത് തന്നെ അടുത്ത നാലു വര്‍ഷവും അദ്ദേഹം തുടരുമെന്നും സിദ്ധരാമയ്യ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനക്കു മുന്നില്‍ കുമ്പിട്ടു നിന്നതിനേയും സിദ്ധരാമയ്യ പരിഹസിച്ചു. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ മറിച്ചിടാന്‍ പറയുന്നതെന്ന് അറിയാനായിരിക്കും മോദി അങ്ങനെ ചെയ്തതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന രമേശ് ജാര്‍കിഹോളിയടക്കം ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്നും ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ വീഴുമെന്ന വാദിക്കുന്ന യെദ്യൂരപ്പ സര്‍ക്കാര്‍ വീണില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ തയാറാകുമോ എന്നും സിദ്ധരാമയ്യ ചോദിച്ചു.