ഗായകന്‍ യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. യേശുദാസിന്റെ സാമൂഹിക നിലപാട് പരമദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തില്‍ പ്രതികരിച്ച് സക്കറിയ രംഗത്തെത്തിയിക്കുന്നത്.

സ്ത്രീകള്‍ അവര്‍ക്കായി ഒരു ഇരിപ്പിടം കണ്ടെത്തുന്ന കാലത്താണ് യേശുദാസിനെപ്പോലെയൊരു മഹാനായ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടാകുന്നത്. ഉള്ളിന്റെയുള്ളില്‍ ഒരു മൂല്യബോധം വേണം. ഞാന്‍ ജീവിക്കുന്ന സമൂഹം, എന്താണ് അതിന്റെ പ്രശ്‌നങ്ങള്‍ എന്നെല്ലാം അറിഞ്ഞിരിക്കണം. തന്നെ സംബന്ധിച്ച് ഇതൊരു അടിസ്ഥാന മൂല്യമാണ്. മലയാളിയെന്ന നിലക്ക് വായ് തുറക്കുമ്പോള്‍ ഈ മൂല്യം എന്റെയുള്ളില്‍ പ്രവര്‍ത്തിക്കും. അത്തരത്തിലൊരു മൂല്യഘടന യേശുദാസിന്റെ ഉള്ളില്‍ ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ഉള്ളില്‍ രാഗവും സംഗീതവും അതിന്റെ വാക്കുകളുമൊക്കെയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ ആലോചിക്കാതെ പറയുന്നതാണിത്. പക്ഷേ അതിന്റെ പ്രഹരശേഷി ഭയങ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേഹത്ത് തൊട്ടുരുമ്മി നിന്ന് സെല്‍ഫിയെടുക്കുന്നത് വിലക്കിയെന്നായിരുന്നു യേശുദാസിന്റെ പരാമര്‍ശം. എണ്‍പതുകള്‍ക്കു ശേഷമുള്ള പെണ്‍കുട്ടികളാണ് സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ച് വരാറുള്ളതെന്നും പണ്ടുള്ളവര്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഫോട്ടോ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തൊട്ടുരുമ്മിയെടുക്കുന്നത് വേണ്ടെന്നും യേശുദാസ് പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമാവുകയായിരുന്നു. നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചും യേശുദാസ് രംഗത്തെത്തിയിട്ടുണ്ട്.