X

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; ആറു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധര്‍ശിനെ (23) നല്ലളം പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 6.580 കി.ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു.

കോഴിക്കോട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി അരീക്കാട് മീഞ്ചന്ത റോഡരികില്‍ ഇയാള്‍ കഞ്ചാവ് വില്‍പനക്കായി കൊണ്ടു വന്നിട്ടുണ്ടെന്ന് നല്ലളം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നല്ലളം സബ്ബ് ഇന്‍സ്‌പെക്ട്ടര്‍ എം.കെ സലീമിന്റെ നേതൃത്വത്തില്‍ നല്ലളം പൊലീസും ഡന്‍സാഫും ചേര്‍ന്നുള്ള ആസൂത്രണ നീക്കത്തിനൊടുവില്‍ ആറര കിലോയിലധികം കഞ്ചാവ് സഹിതം ഇയാളെ പിടികൂടുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ബാഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇയാള്‍ക്ക് കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിച്ചു നല്‍കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ലഹരി മാഫിയക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും നല്ലളം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാര്‍ അറിയിച്ചു.

നല്ലളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സലിം എം കെ നല്ലളം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരായ സ്വരൂപ്, ഫൈസല്‍ റഹ്മാന്‍ ഡന്‍സാഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി എം, സജി.എം, അഖിലേഷ്.കെ, ജോമോന്‍ കെ.എ, നവീന്‍.എന്‍, സോജി.പി, രതീഷ്.എം.കെ, രജിത്ത് ചന്ദ്രന്‍, ജിനേഷ് എം, സുമേഷ് എ.വി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

web desk 3: