കോട്ടയം: പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകളോളം കാറോടിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് നല്‍കിയ വിവരങ്ങള്‍ സത്യമാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടയച്ചു.

കോട്ടയം കടുത്തുരുത്തിക്കു സമീപം തിരുവമ്പാടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പഞ്ചറായ ടയറുകളുമായി ഏറെ നേരം ഓടിയതിനെ തുടര്‍ന്ന് കാറിന്റെ ഡിസ്‌ക്കുകള്‍ ഉള്‍പെടെയുള്ളവ തകരാറിലായി. ഇടുക്കി ഏലപ്പാറയില്‍ നിന്നും അറുനൂറ്റിമംഗലത്തുള്ള ഭാര്യ വീട്ടിലേക്കു വരുമ്പോഴാണ് സംഭവങ്ങള്‍ നടന്നത്.

വരുന്ന വഴി കാറിന്റെ ടയറുകളിലൊന്ന് പഞ്ചായറായി. ഇതു സ്‌റ്റെപ്പിനി ഉപയോഗിച്ചു മാറിയിട്ടു യാത്ര തുടര്‍ന്നെങ്കിലും ഓട്ടത്തിനിടെ മുന്‍വശത്തെ മറ്റൊരു ടയറുകൂടി പഞ്ചറായി. പുലര്‍ച്ചെയായതിനാല്‍ മറ്റു മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ പഞ്ചറായ ടയറുമായി യുവാവ് കാറില്‍ യാത്ര തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു ടയര്‍ കൂടി പഞ്ചറായ വിവരം ഇയാള്‍ അറിഞ്ഞതുമില്ല

പഞ്ചറായ ടയറുകളുമായി പുലര്‍ച്ചെ തിരുവമ്പാടി ഭാഗത്തുകൂടി കടന്നു പോകുന്നതിനിടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു. നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ ഇയാള്‍ കാര്‍ വേഗത്തില്‍ ഓടിച്ചുക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് അറുന്നൂറ്റിമംഗലം നീരാളകോട് ഭാഗത്തു വച്ചു കാര്‍ തടഞ്ഞു കടുത്തുരുത്തി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.