X

കശ്മീര്‍ മുതല്‍ കേരളം വരെ യുവ ഭാരത് യാത്ര; പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

കശ്മീര്‍ മുതല്‍ കേരളം വരെ സംഘടിപ്പിക്കുന്ന യുവ ഭാരത് യാത്ര അടക്കം സംഘടനാ രംഗത്ത് പുതുചരിത്രമെഴുതുന്ന പ്രഖ്യാപനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. മഹാരാഷ്ട്ര ലോനാവാലയില്‍ നടന്ന യൂത്ത് ലീഗ് ചിന്തന്‍ മിലന്റെ തീരുമാനങ്ങള്‍ ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.ദേശീയ വൈസ് പ്രസിഡണ്ട് ഷിബു മീരാനും പങ്കെടുത്തു. 17 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 74 പ്രതിനിധികളാണ് ചിന്തന്‍ മിലനില്‍ പങ്കെടുത്തത്.

ഇന്ത്യ നമ്മളാണ്, നമ്മളെല്ലാവരും എന്ന പ്രമേയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി യുവ ഭാരത് യാത്ര സംഘടിപ്പിക്കും. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം 100 വിചാര്‍ ബൈഠക്കുകള്‍ സംഘടിപ്പിക്കും. 30 പേരാണ് ഓരോ വിചാര്‍ ബൈഠക്കിലും പങ്കെടുക്കുക. ജനാധിപത്യ സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചും സംഘടനാ ശാക്തീകരണത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. 3000 യുവജന നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ത്രൈമാസ ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തിരിച്ചറിയാനും അനുഭവിക്കാനും യുവാക്കള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഡിസ്‌കവറി ഇന്ത്യ സഫാരികള്‍ സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ സാമൂഹ്യ ശാസ്ത്ര രംഗത്തും ഗവേഷണ രംഗത്തും മികവ് തെളിയിച്ചവര്‍ക്കായി പ്ലാറ്റ്ഫോം രൂപീകരിക്കും.

മതനിരപേക്ഷതയും സഹിഷ്ണുതയും സംരക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഹസ്രത്ത് മൊഹാനിയുടെ നാമധേയത്തില്‍ സാംസ്‌കാരിക വേദി സംഘടിപ്പിക്കും. കവി സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, മറ്റ് കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പൂനെയില്‍ ബനാത്ത് വാല അക്കാഡമി ഫോര്‍ യൂത്ത് ഡെവലപ്മെന്റ് സ്ഥാപിക്കും. യുവാക്കള്‍ക്ക് നേതൃ പരിശീലനം നല്‍കുന്ന സ്ഥിരം അക്കാഡമി എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. യുവ സംരംഭകര്‍ക്കായി യൂത്ത് എന്റര്‍പ്രനേഴ്സ് ലീഗ് എന്ന പ്ലാറ്റ്ഫോം രൂപീകരിക്കാനും ചിന്തന്‍ മിലന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തും. ഇതിനോടനുബന്ധിച്ച് ആദ്യഘട്ടമായി രാജ്യത്തുടനീളം 1000 മൈക്രോ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ സംഘടനാ കലണ്ടറിനും കര്‍മ്മ പരിപാടികള്‍ക്കും ചിന്തന്‍ മിലനില്‍ രൂപം നല്‍കിയെന്ന് നേതാക്കള്‍ അറിയിച്ചു.

webdesk11: