X
    Categories: keralaNews

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിനെന്നും തലവേദന

റഷീദ് കൈപ്പുറം

മുഖ്യമന്ത്രിമാരുടെ മക്കള്‍ സി.പി.എമ്മിന് എന്നും തലവേദനയായിട്ടുണ്ട്. മകള്‍ വീണ വിജയന്‍ വിവാദങ്ങളുടെ തോഴിയായതോടെ മക്കള്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് മുന്നില്‍. വീണയുടെ ഇടപെടലുകള്‍ തുടര്‍ ഭരണത്തിലും കരുത്തോടെ മുന്നേറുകയാണെന്നാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മക്കള്‍ വിവാദം സി.പി.എമ്മിന് പുത്തരിയല്ല. ഇ.കെ നായനാറും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കെ മക്കളാല്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നായനാര്‍ പരമശുദ്ധന്‍ ആണെന്നാണ് മാധ്യമങ്ങളുടെ പട്ടം. പൊതുവേ അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ കൃഷ്ണകുമാറും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണകുമാറിന് ബന്ധമുള്ള പരസ്യ കമ്പനിക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്തു എന്നത് അന്നത്തെ ഞെട്ടിക്കുന്ന വിവാദമായിരുന്നു. അതൊരു വിവാദം മാത്രമല്ല നേരായിരുന്നു എന്നത് ബോധ്യവുമാണ്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുങ്ങിയത് നായനാര്‍ ഭരണകാലത്താണ്. കുടുംബത്തിലെ മൂന്നു പേര്‍ക്ക് ഒരുമിച്ച് ജോലി കൊടുത്തു എന്നത് ഇ.എം.എസിനെയും കുടുക്കിയിരുന്നു. അങ്ങനെ ബന്ധുനിയമനത്തില്‍ ഇ.എം.എസും കുടുങ്ങി. സംഭവം നടന്നത് നായനാര്‍ ഭരണകാലത്താണ് എന്നതാണ് ഇ.എം.എസിന് ആശ്വാസം.
മകന്‍ അരുണ്‍കുമാര്‍ വി.എസ് അച്യുതാനന്ദന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. കയര്‍ ബോര്‍ഡിലെ 47 ലക്ഷം രൂപയുടെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം അനില്‍കുമാറിനായിരുന്നു. ഐ.എച്ച്.ആര്‍.ഡിലെ നിയമന കാലത്തുണ്ടായ വിവാദങ്ങളും തെല്ലൊന്നുമല്ല അരുണ്‍കുമാറിനാല്‍ വി.എസ് അച്യുതാനന്ദന് പൊല്ലാപ്പായത്. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് വി.എസിന്റെ മകനെതിരെ കോടതി കേസെടുത്തിരുന്നു. മക്കള്‍ വിവാദത്തില്‍ വി.എസ് അച്ചുതനാനന്ദനെയൊഴികെ എല്ലാവരെയും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി വിഷയംപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. വി.എസിനെതിരായ ആരോപണങ്ങളില്‍ സംരക്ഷകരായി ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നുപ്പോഴും ഒറ്റയാള്‍പോരാട്ടം തന്നെയായിരുന്നു. വി.എസിനെ അന്നത്തെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചിരുന്നു. എന്ത് കാര്യം സാധിക്കണമെങ്കിലും വി.എസ് അച്യുതാനന്ദന്റെ മകനെ കണ്ട് കാശ് കൊടുത്താല്‍ മതിയെന്ന്‌വരെ പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളില്‍ വി.എസിന് രക്ഷക്ക് വിഎസ് മാത്രമാണുണ്ടാകാറുണ്ടായിരുന്നത്. നായനാരുടെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. ഇപ്പോള്‍ പിണറായിയുടെ കാര്യത്തിലും പാര്‍ട്ടി നായനാരെ സംരക്ഷിച്ച അതേ നിലപാടിലാണ്. ബന്ധുനിയമനവും കോഴയും വിവാദപ്പെരുമഴ തീര്‍ക്കുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സത്യമാണെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്.

Chandrika Web: