ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 11 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അത്താഴത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാലികാശ്രമത്തിലെ 33 അന്തേവാസികളെ കൗണ്‍സിലിങിന് വിധേയരാക്കി. പുരുഷ ജീവനക്കാരെ മാറ്റി വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന്, വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിക്കാനും ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മോക്ത ഉത്തരവിട്ടു. അതേസമയം അനാഥാലയത്തിലെ സിസിടിവി തകരാറിലാക്കിയതായി സംശയമുണ്ട്. മൂന്ന് സിസിടിവി പരിശോധിച്ചെങ്കിലും ഒരു ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.