ദമസ്‌ക്കസ്: സിറിയയന്‍ നഗരമായ ആലപ്പോയില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശം. 150തോളം സിവിലിയന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പോയില്‍ ശക്തമായ ആക്രമണമാണ് സര്‍ക്കാര്‍ സേനയും വിമത ഗ്രൂപ്പുമായി നടക്കുന്നത്.

എതിര്‍ ഗ്രൂപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ സേന നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടത്തിയത്. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ ബാഷര്‍ അല്‍-അസാദ് സര്‍ക്കാര്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വ്യോമാക്രമണത്തില്‍ കെട്ടിടങ്ങകള്‍ക്കും സ്‌കൂളുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും നടന്നു വരികയാണ്.

ആക്രമണത്തില്‍ കെട്ടിടങ്ങള്‍ നിലം പൊത്തി. ബാരല്‍ ബോംബാക്രമണമാണ് നടത്തിയത്. ഒട്ടേറെ പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് വയസുകാരനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടു. ബാരല്‍ ബോംബാക്രമണത്തിലാണ് കുട്ടി അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയില്‍ കനത്ത ആക്രമണമാണ് നടക്കുന്നത്. മണിക്കൂറുകളുടെ ഇടവേളകളിലാണ് ഓരോ ആക്രമണവും നടക്കുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം കിഴക്കന്‍ അലപ്പോയിലെ എതിര്‍ഗ്രൂപ്പുകള്‍ 24 മണിക്കൂറിനുള്ളില്‍ നഗരം വിട്ടു പോകണമെന്നു സിറിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമാക്രമണം.