• ശാലിനി

കറന്‍സി നിരോധനത്തിന്റെ ദൂരവ്യാപക ഫലങ്ങള്‍ പ്രവചനാതീതമായി തുടരുമ്പോഴാണ് അടുത്ത പ്രഖ്യാപനം വരുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും സ്‌നേഹിക്കുന്ന വിശിഷ്ട ലോഹത്തിനു മേലാണ് ഇത്തവണ മോദി സര്‍ക്കാര്‍ കൈ വെച്ചത്. പത്തരമാറ്റ് തങ്കത്തില്‍തന്നെ. വിവാഹിതരായ സ്ത്രീകള്‍ക്ക് ഉറവിടം കാണിക്കാതെ കൈവശം വെക്കാവുന്ന സ്വര്‍ണം 62.5 പവനായും അവിവാഹിതരായ സ്ത്രീക്ക് 31.5 പവനും പുരുഷന് 12.5 പവനും മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍ കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥയിലാണ് പല ഇന്ത്യക്കാരും. കറന്‍സി നിരോധനം വന്നപ്പോള്‍ കള്ളപ്പണക്കാര്‍ എല്ലാവരും സ്വര്‍ണമായാണ് പണം സൂക്ഷിക്കുന്നതെന്നും അതുകൊണ്ട് കറന്‍സി നിരോധനം കൊണ്ട് ഒരു കാര്യവുമില്ല എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നോട്ട് നിരോധനത്തോടെ ബുദ്ധിമുട്ടിലായ സാധാരണക്കാര്‍ക്കു തന്നെയാകും സ്വര്‍ണത്തിലെ നിയന്ത്രണവും തിരിച്ചടിയാകുക. അല്‍പസ്വല്‍പം സ്വര്‍ണ നിക്ഷേപം കയ്യിലുള്ള സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് കണ്ടറിയേണ്ടത്. പല തട്ടിലുള്ള ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കും. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ പല മാതാപിതാക്കളും അവള്‍ക്കായി സ്വര്‍ണം കരുതി വെക്കാന്‍ തുടങ്ങുന്നു. ഉറുമ്പ് അരി മണി കൂട്ടി വെക്കുന്നത് പോലെ, ജീവിതത്തിലെ പല സന്തോഷങ്ങളും വേണ്ടെന്നു വച്ച്, മകളുടെ വിവാഹം ആകുമ്പോഴേക്കും കുറച്ചു സ്വര്‍ണം സ്വരുക്കൂട്ടുന്ന മാതാപിതാക്കള്‍. അതല്ലെങ്കില്‍, സ്വര്‍ണം ഒരു നല്ല നിക്ഷേപമായി കരുതി സ്വന്തം പെന്‍ഷനും പ്രോവിഡണ്ട് ഫണ്ടും കൊണ്ട് പോലും സ്വര്‍ണം വാങ്ങി വെക്കുന്ന വയോധികര്‍. ന്യായമായ രീതിയില്‍ സമ്പാദിച്ച, നികുതിയൊടുക്കിയ വരുമാനം കൊണ്ട് വാങ്ങിയ സ്വര്‍ണം ആണെങ്കില്‍ അതിനു യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പു കൊടുക്കുമ്പോഴും, ന്യായമായതാണ് എന്ന് തെളിയിക്കാനുള്ള അതി കഠിനമായ ഭാരം വന്നു വീഴുന്നത് സാധാരണക്കാരന്റെ മേലാണ്. പരിധിയില്‍ കവിഞ്ഞ ഓരോ ഗ്രാം സ്വര്‍ണവും എന്ന് വാങ്ങി, എപ്പോള്‍ വാങ്ങി, ഏതു സമ്പാദ്യം ഉപയോഗിച്ചു എന്നൊക്കെ കൃത്യമായി കണക്കുകളുമായി ജനം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ?

മറ്റൊന്ന് പൂര്‍വിക സ്വത്തായി കിട്ടിയ സ്വര്‍ണമാണ്. പൂര്‍വിക സ്വത്തിനു നിയന്ത്രണം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതൊരു ഇരുതല വാളാണ്. കള്ളപ്പണക്കാര്‍ ചിലപ്പോള്‍ അതിധനികരായ പൂര്‍വികരുടെ കഥകള്‍ മെനഞ്ഞുണ്ടാക്കിയേക്കാം. യഥാര്‍ത്ഥത്തില്‍ പൂര്‍വിക സ്വത്ത് കിട്ടിയവര്‍ക്ക് വില്‍പ്പത്രമോ മറ്റു തെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ അത് തെളിയിക്കാന്‍ കഴിയാതെ സ്വര്‍ണം നഷ്ടമാകുന്ന സംഭവങ്ങളും ഉണ്ടായേക്കാം. സത്യം തെളിയിക്കേണ്ട ചുമതല വ്യക്തികളുടെ ചുമലിലാകുന്ന അവസ്ഥയില്‍ നീതി നടപ്പാകണം എന്നില്ല.

വ്യക്തികളുടെ ബുദ്ധിമുട്ടുകള്‍ അവിടെ നില്‍ക്കട്ടെ. സ്വര്‍ണ വിപണിയെ ഈ തീരുമാനം തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. മേയ് 2016 ലെ കണക്കനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണ ഉപഭോഗത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കൂടിയാകുമ്പോള്‍ സ്വര്‍ണ വിപണി പിന്നെയും താഴേക്ക് കൂപ്പുകുത്തും. സ്വര്‍ണ കച്ചവടത്തിലെ നികുതിയിനത്തില്‍ നല്ല വരുമാനം ലഭിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയാകും ഈ തീരുമാനം. നികുതി വിഭജിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അത് കൂടുതല്‍ വഷളാകും. ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടായേക്കാവുന്ന സ്വര്‍ണ വിപണിയുടെ തകര്‍ച്ചയും ഗോള്‍ഡ് ഫണ്ടുകളുടെയും ഇക്വിറ്റികളുടെയും മുരടിപ്പും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് മാത്രമേ പറയാനാകൂ.

മാത്രമല്ല, സ്വര്‍ണ കച്ചവടം എന്നാല്‍ വന്‍ സ്വര്‍ണ വ്യാപാരികള്‍ മാത്രമല്ല, പല തട്ടിലായുള്ള അനേകം തൊഴിലാളികളുടെ ജീവിതോപാധിയെപ്പോലും ഈ തീരുമാനം ബാധിച്ചേക്കാം.
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രാജ്യവ്യാപകമായി സ്വര്‍ണ്ണവേട്ട നടത്താനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടോ? അതിനു ആവശ്യകമായ ഉദ്യോഗസ്ഥരും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മാത്രം എത്ര ഭീമമായ ചെലവു വരുമെന്ന് കണക്കു കൂട്ടിയിട്ടുണ്ടോ? എന്ന് പരിശോധന തുടങ്ങും, നികുതി വകുപ്പ് സംശയിക്കുന്നവരെ മാത്രമേ റെയിഡ് ചെയ്യുകയുള്ളൂ? അതോ എല്ലാ ഇന്ത്യക്കാരും എടിഎമ്മിനു മുന്നില്‍ വരി നിന്നത് പോലെ, കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം സ്വര്‍ണവുമായി വരി നില്‍ക്കേണ്ടി വരുമോ? ഈ തീരുമാനം എങ്ങനെ നടപ്പിലാക്കും? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഇതിനെല്ലാം മറുപടി പറയാനും കൂടുതല്‍ കിംവദന്തികള്‍ പരക്കുന്നതിന് മുമ്പ് ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്.

സ്വര്‍ണം കൈവശം വെക്കുന്നതിനു പരിധി നിര്‍ണയിച്ചു കൊണ്ടുള്ള തീരുമാനം ശരിയോ തെറ്റോ ആകട്ടെ, പക്ഷെ ഇന്ത്യയിലെ സാധാരണക്കാര്‍ ചൂടു വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏതു തീരുമാനവും അല്‍പം ഭയത്തോടെ മാത്രമേ ജനത്തിനു നോക്കിക്കാണാനാവൂ. കറന്‍സി നിരോധനത്തിന് ശേഷം സാധാരണക്കാര്‍ക്കുണ്ടായ യാതനകളില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍, രാജ്യത്തെ നികുതിയടക്കുന്ന നിയമം അനുസരിക്കുന്ന പൗരനെ പുതിയ ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിടാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കണം കേന്ദ്ര സര്‍ക്കാര്‍.