കാസര്‍കോട്: പെരിയയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയ ആയമ്പാറയില്‍ താമസിക്കുന്ന പള്ളിക്കര പാക്കം സ്വദേശിനി സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
പാക്കം സ്വദേശിനിയായ ഇവര്‍ ഇരുപത് വര്‍ഷം മുമ്പ് മതംമാറ്റം നടത്തി സുബൈദ എന്ന പേര് സ്വീകരിച്ചിരുന്നു. സാധാരണ അയല്‍വീടുകളില്‍ പോകാറുള്ള സുബൈദയെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വീടിന്റെ മുന്‍ വാതില്‍ പൂട്ടിയ നിലയില്‍ കാണപ്പെട്ടത്. അയല്‍വാസികള്‍ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോള്‍ അവരുടെ വീട്ടിലും സുബൈദ എത്തിയില്ലെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധുക്കളും പരിസരവാസികളും നിരന്തരം ബന്ധപ്പെട്ടപ്പോഴും ഫോണ്‍ ബെല്ലടിച്ചതല്ലാതെ പ്രതികരണമുണ്ടായില്ല. പിന്നീട് ബന്ധുക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ബേക്കല്‍ പൊലിസ് സ്ഥലത്തെത്തി. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയതോടെയാണ് സുബൈദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുബൈദയുടെയും രണ്ടുകൈയും കാലുകളും കറുത്ത തുണി കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
വായയും കറുത്ത തുണി കൊണ്ട് മൂടി ക്കെട്ടിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, ഡിവൈ.എസ്.പിമാരായ അസൈനാര്‍, കെ ദാമോദരന്‍, ബേക്കല്‍ സി.ഐ വിശ്വംഭരന്‍, കാഞ്ഞങ്ങാട് സി.ഐ സുനില്‍കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദര്‍ പൊലിസും നായയും സുബൈദയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സുബൈദ അവിവാഹിതയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലിസ് സംശയിക്കുന്നു.