അഹമ്മദാബാദ്: ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമെന്ന് രാജ്‌കോട്ട് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഗുജറാത്ത് പത്രം ഏഴു മാസം മുമ്പു തന്നെ ‘പ്രവചിച്ചു’.
അഖില എന്ന ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പത്രമാണ് 2016 ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ പത്രത്തില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെയാണ് എട്ടു മാസം മുമ്പു വന്ന വാര്‍ത്ത, പത്രത്തിന്റെ കട്ടിങ് സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.
അതേസമയം ഏപ്രില്‍ ഒന്നിലെ വിഡ്ഢി ദിനത്തില്‍ ആളുകളെ കബളിപ്പിക്കാന്‍ നല്‍കിയ ‘തമാശ വാര്‍ത്ത’ മാത്രമായിരുന്നു ഇതെന്നാണ് പത്രത്തിന്റെ എഡിറ്റര്‍ കിരീത് ഗാന്ധാര നല്‍കുന്ന വിശദീകരണം.
ഗുജറാത്തിലെ പത്രങ്ങള്‍ ഏപ്രില്‍ ഒന്നിന് വായനക്കാരില്‍ കൗതുകം ജനിപ്പിക്കാന്‍ ഇത്തരം ചില വാര്‍ത്തകള്‍ നല്‍കുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.