ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം പോരാട്ടം തുടരുന്നു. ഇന്നലെ ഒന്നിലധികം തവണ സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും ബഹളം കാരണം നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ രണ്ടു മിനുട്ട് മൗനമാചരിച്ചാണ് രാജ്യസഭ തുടങ്ങിയത്. തൊട്ടു പിന്നാലെ ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങി. ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ ഹാമിദ് അന്‍സാരി അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ 30 മിനുട്ട് നേരത്തേക്ക് ആദ്യം സഭ നിര്‍ത്തിവെച്ചു. ലോക്‌സഭയിലും ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം തുടങ്ങിയിരുന്നു.

പ്രധാനമന്ത്രി സഭയില്‍ ഹാജരാകാതെ ചര്‍ച്ചക്കില്ലെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും പാര്‍ലമെന്റിന് പുറത്ത് മാത്രം പ്രധാനമന്ത്രി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നിയമനിര്‍മാണ സഭയെ അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. 18 പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി രാജ്യമെങ്ങും ജന്‍ ആക്രോഷ് ദിനാചരണത്തിന് ആഹ്വാനം ചെയ്തു. ഭാരത ബന്ദിനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. എവിടെയും ചര്‍ച്ചയും ചെയ്തിട്ടില്ല. പ്രധാനമന്ത്രി മാത്രമാണ് ഭാരത ബന്ദ് എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹമാണ് അതിന് ഉത്തരവാദി. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ നടപടിയോട് അരിശമുണ്ട്- അതാണ് രാജ്യത്ത് പ്രതിഫലിച്ചത്. നോട്ടുമാറ്റല്‍ നടപടിയുമായി ബന്ധപ്പെട്ട് 75ലധികം ജീവനുകളാണ് നഷ്ടമായത്- ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഇതിനിടെ രണ്ടുതവണ രാജ്യസഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. കള്ളപ്പണത്തിന് തങ്ങള്‍ എതിരാണ്. സര്‍ക്കാറിന്റെ ലക്ഷ്യത്തെയല്ല. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പാക്കിയ രീതിയെയാണ് ചോദ്യം ചെയ്യുന്നത്. മുന്നൊരുക്കമില്ലാതെ ഇത്തരമൊരു തീരുമാനം നടപ്പാക്കിയത് രാജ്യത്തെ ഒട്ടാകെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് സ്തംഭനം നീങ്ങണമെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് സഭയില്‍ ഹാജരായി വിശദീകരണം നല്‍കണം. അതുമാത്രമാണ് മാര്‍ഗമെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെയുടെ നിലപാടുകളെ പിന്തുണക്കുന്നതായി എസ്.പി നേതാവ് മുലായംസിങ് യാദവും വ്യക്തമാക്കി. രാജ്യത്തിന്റെ കാര്‍ഷിക മേഖല അപ്പാടെ കേന്ദ്ര സര്‍ക്കാര്‍ നടപടി കാരണം അവതാളത്തിലായിരിക്കുകയാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തണമെന്നും മുലായം വ്യക്തമാക്കി. ശിവസേനയുടെ അമരാവതിയില്‍നിന്നുള്ള അംഗം അനന്തറാവു അഡ്‌സുലുവും കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തി.