ആഗ്ര: ചികിത്സാര്‍ത്ഥം ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ ദുരിതത്തിലായ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശി രാകേഷ് ചന്ദാണ് ജീവനൊടുക്കിയത്. ഹൃദ്രോഗിയായ ജവാന്‍ ചികിത്സാര്‍ത്ഥം പണമെടുക്കാനാണ് ബാങ്കിലെത്തിയത്. ആഗ്രക്കടുത്ത ബുധാന ഗ്രാമത്തിലാണ് സംഭവം. എസ്ബിടിയുടെ താജ്ഗഞ്ച് ബ്രാഞ്ചില്‍ കഴിഞ്ഞ അഞ്ച് ദിവസവും എത്തിയെങ്കിലും പണം ലഭിക്കാതെ നിരാശനായി മടങ്ങുകയായിരുന്നു ഇദ്ദേഹം.

2012ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ചന്ദ് സ്വന്തം തോക്കുപയോജിച്ച് നിറയൊഴിക്കുകയായിരുന്നു. 1990ല്‍ കശ്മീരിലെ ബാരാമുല്ലയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഹൃദയത്തിന് ഗുരുതര പരിക്കേറ്റിരുന്നു ചന്ദിന്. അന്ന് അഞ്ച് വെടിയുണ്ടകളാണ് സൈനികന് നെഞ്ചിലേറ്റത്. തുടര്‍ന്ന് ദീര്‍ഘ കാലം ചികിത്സയിലായിരുന്നു.

അച്ഛന് മാസവും പെന്‍ഷനായി ലഭിക്കുന്ന 15,000 രൂപയില്‍ ഏഴായിരം രൂപയും ചികിത്സക്കായി ചെലവഴിക്കേണ്ടി വന്നിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ മാസം പണനിരോധനം മൂലം ചികിത്സ മുടങ്ങിയതായും ചന്ദിന്റെ മകന്‍ സുശീല്‍ കുമാര്‍ പറഞ്ഞു. ഇതോടെയാണ് സൈനികന്‍ ആത്മഹത്യ ചെയ്തത്.