Connect with us

Video Stories

പാര്‍ട്ടിയില്‍ പിടിമുറുക്കിയ ബേബിക്കും കൂട്ടര്‍ക്കും തിരിച്ചടി നല്‍കി പിണറായി

Published

on

സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു
സംസ്ഥാനത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ വി.എസ് പക്ഷമാണ് ശക്തമായി നിലകൊണ്ടിരുന്നതെങ്കില്‍ ഇന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. എം.എ ബേബിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പിണറായി വിഭാഗവും ഒരുങ്ങിത്തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

സംസ്ഥാനമൊന്നടങ്കം പ്രത്യേകിച്ച് തൃശൂര്‍ മുതല്‍ തെക്കോട്ട് ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ എറണാകുളം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യവുമായി എം.എ ബേബിയും കൂട്ടരും നടത്തിയ കരുനീക്കങ്ങള്‍ ഏറെക്കുറെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ കേസുകള്‍ കുത്തിപൊക്കി അതിശക്തമായ തിരിച്ചടി നല്‍കാന്‍ പിണറായി വിഭാഗം തയ്യാറായത്.

ഗുണ്ടാ-ഭൂമാഫിയ സംഘങ്ങളുമായി എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കുള്ള നിഗൂഡ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെങ്കിലും സക്കീര്‍ ഹുസൈനെതിരായ നീക്കം വഴി ജില്ലയില്‍ അവശേഷിക്കുന്ന സ്വാധീനമെങ്കിലും നിലനിര്‍ത്താന്‍ പിണറായി വിഭാഗം കളിച്ച കളിയാണ് മുന്‍ ഏരിയാ സെക്രട്ടറിയുടെ ജയില്‍ വാസത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടിയിലെ കൊച്ചു കുട്ടിക്ക് പോലും അറിയാവുന്നതാണ്.

15 ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ച് വ്യവസായിയെ ഗുണ്ടാ സ്‌റ്റൈലില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാകുകയും ചെയ്ത ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈനെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ മതിപ്പൊന്നുമില്ലെങ്കിലും സി.പി.എമ്മില്‍ എം.എ ബേബി വിഭാഗം ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമായാണ് 22 ദിവസം പൊലീസിന്റെ മൂക്കിനു താഴെ ഒളിച്ചു താമസിക്കാന്‍ സക്കീര്‍ ഹുസൈനെ സഹായിച്ചത്.

ജില്ലയിലെ അറിയപ്പെടുന്ന ബേബി ഭക്തരാണ് സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി പി. രാജീവും. എറണാകുളം ജില്ലയില്‍ വി.എസ് പക്ഷം നാമമാത്രമോ അതില്‍ താഴെയോ ആയി ചുരുങ്ങുകയും എവിടെയും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനകം പിണറായി വിഭാഗത്തിനു ജില്ലയില്‍ കാര്യമായ ഇടിവു തന്നെയാണ് തട്ടിയിരിക്കുന്നത്.

20 ഏരിയാ കമ്മിറ്റികളില്‍ മൂന്നെണ്ണം മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. മുളന്തുരുത്തി, നെടുമ്പാശേരി, ആലങ്ങാട് എന്നിവയൊഴിച്ച് എല്ലാ ഏരിയാ കമ്മിറ്റികളും ബേബി വിഭാഗക്കാരനായ മുന്‍ എം.പി പി. രാജീവിന്റെ സ്വാധീനത്തിലാണ് ഇപ്പോഴുള്ളത്. 12 അംഗ ജില്ലാ സെക്രട്ടിറയേറ്റില്‍ രണ്ട് പേര്‍ മാത്രമാണ് പിണറായി ഗ്രൂപ്പുകാരന്‍. ജില്ലാ കമ്മിറ്റിയില്‍ പിണറായി വിഭാഗത്തിന്റെ നില ഇത്രമേല്‍ പരുങ്ങലിലല്ലെങ്കിലും അവിടെയും കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം എത്തിച്ചത്. സംസ്ഥാന സി.പി.എമ്മിന് മൊത്തത്തില്‍ സക്കീര്‍ ഹുസൈന്‍ സംഭവം കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പുണ്ടായിരുന്നിട്ടും കൂടി പിണറായി ഗ്രൂപ്പിന് അത് ചെയ്യേണ്ടി വന്നത്. ഗ്രൂപ്പിന്റെ പിടിച്ചു നില്‍പ്പിനു വേണ്ടിയാണെന്ന് ഈ വിഭാഗക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

പിണറായി വിരുദ്ധ ഗ്രൂപ്പിനു ജില്ലയില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന സൂചനയും ഇരു വിഭാഗങ്ങളും നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയും നിലവിലുണ്ട്. പി. രാജീവിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജനെയോ, സി.എം മോഹനനെയോ കൊണ്ടു വന്നതിന് ശേഷം ആറു മാസത്തിനപ്പുറം നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനാണ് പിണറായി കരുക്കള്‍ നീക്കുന്നത്.

പി. രാജീവിന്റെ പാര്‍ട്ടി സ്വാധീനം വര്‍ധിക്കുന്നതിനെതിരെ കണ്ണൂര്‍ ലോബി ശക്തമായി കളിച്ചിട്ടുണ്ടെന്ന അഭ്യൂഹം സ്ഥിരീകരിക്കുന്നതിലേക്കാണ് മുന്‍ മന്ത്രി ഇ.പി ജയരാജനെ ജില്ലാ നേതൃത്വസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പാലക്കാട്ടും തമിഴ്‌നാട്ടിലടക്കം അന്യസംസ്ഥാനങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി കൂട്ടിയ ജില്ലയിലെ ഏതാനും സി.പി.എം നേതാക്കള്‍ക്കെതിരെ കൂടി സമീപ ഭാവിയില്‍ കേസ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ ചിലവന്നൂരിലെ ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയത് കുത്തിപ്പൊക്കി മറ്റൊരു എതിരാളിയെ കൂടി തളക്കാനും പിണറായിയും കൂട്ടരും പദ്ധതിയിടുന്നുണ്ടെന്നാണറിയുന്നത്.

എറണാകുളത്ത് ഗ്രൂപ്പ് ശോഷിച്ചാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ അത് ബാധിക്കുമെന്ന് പിണറായി വിഭാഗത്തിനും ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. രാജീവിന് തൃപ്പൂണിത്തുറ മണ്ഡലം നിഷേധിച്ചതിനു പിന്നില്‍ മുതല്‍ പുതിയ ഗ്രൂപ്പ് മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആതുരരംഗത്തു ജൈവ കൃഷി രംഗത്തും ആളുകളെ സംഘടിപ്പിക്കുന്നതിന്റെ മറവില്‍ ഗ്രൂപ്പ് വളര്‍ത്തുകയാണ് ബേബി ചെയ്യുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഈ നീക്കങ്ങള്‍ക്കാണ് കേസുകളുടേയും ആരോപണങ്ങളുടേയും രൂപത്തില്‍ തടയിടാന്‍ പിണറായി വിഭാഗം ശ്രമിക്കുന്നത്.
ഏതായാലും എറണാകുത്ത് ഗ്രൂപ്പ് ശക്തമാക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വി.എസ് പക്ഷത്തിന്റെ ശക്തനായ വക്താവായ ചന്ദ്രന്‍പിള്ളയടക്കമുള്ള നേതാക്കള്‍ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം എറണാകുളത്ത് കാലുറപ്പിച്ച് നിര്‍ത്തി തെക്കു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകള്‍ പിടിച്ചെടുക്കാനാണ് എം.എ ബേബി കരുക്കള്‍ നീക്കുന്നത്. തൃശൂരിന് വടക്കോട്ട് തല്‍ക്കാലം ശ്രമിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. വരും നാളുകള്‍ തൊഴുത്തില്‍കുത്തും ഗ്രൂപ്പ് പോരും സി.പി.എമ്മില്‍ അതീവ രൂക്ഷമാകുമെന്നതിലേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

Trending