രാഷ്ട്രപതി കഴിഞ്ഞാല്‍ രണ്ടാമത്തെ ഉന്നത ഭരണഘടനാപദവിയാണ് പ്രധാനമന്ത്രി. അതുകൊണ്ടുതന്നെ ആ മഹനീയസ്ഥാനത്തിന്റെ പ്രാധാന്യവും മാന്യതയും കാത്തുസൂക്ഷിക്കേണ്ടത് ആ കസേരയിലിരിക്കുന്ന വ്യക്തിയുടെ മാത്രമല്ല രാജ്യത്തിനുതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പതിനാലാമത്തെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം ഉണ്ടായത് ഈ മഹിതമായ പദവിക്ക് യോജിക്കാത്ത നടപടിയായിപ്പോയി. രാജ്യത്തെ ജനങ്ങളോട് 2016 നവംബര്‍ എട്ടിന് എട്ടുമണിയോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലൂടെ നരേന്ദ്രമോദി ഒരു പ്രഭാഷണം നടത്തി. രാജ്യത്തെ വലിയ നോട്ടുകളായ 500, ആയിരത്തിന്റെ നിയമപരമായസാധുത അന്ന് അര്‍ധരാത്രിമുതല്‍ ഇല്ലാതാക്കുന്നുവെന്നും ഡിസംബര്‍ 30 വരെ ബാങ്കുകളിലും തപാലാപ്പീസുകളിലും റിസര്‍വ് ബാങ്കിന്റെ ശാഖകളിലും നേരില്‍ ചെന്ന് ഈ നോട്ടുകള്‍ മാറ്റി പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാമെന്നുമായിരുന്നു പ്രഭാഷണത്തിലെ പ്രധാനഭാഗം.

‘അഴിമതിയും കള്ളപ്പണവും തടയുന്നതിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ധ രാത്രി മുതല്‍ നിയമപരമായ കരാറല്ലാതാകുന്നു. അതിനര്‍ഥം ഇന്നുമുതല്‍ ഈ നോട്ടുകള്‍ ഇടപാടുകള്‍ക്ക് സ്വീകരിക്കുന്നതല്ല..കള്ളപ്പണത്തിനും അഴിമതിക്കും കള്ളനോട്ടിനുമെതിരായ സാധാരണക്കാരന്റെ പോരാട്ടത്തിന് ഈ നടപടി ശക്തിപകരും.. അതുകൊണ്ട് ഈ നോട്ടുകള്‍ അമ്പതുദിവസത്തിനകം നിക്ഷേപിക്കുക. ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം ആവശ്യത്തിന് നിങ്ങള്‍ക്ക് അത് പിന്‍വലിക്കാം. ‘ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാചകങ്ങള്‍. എന്നാല്‍ അമ്പതു ദിവസവും രണ്ടു ദിവസവും പിന്നിട്ട ശേഷം അതേപ്രധാനമന്ത്രി പുതുവല്‍സരത്തലേന്ന് നടത്തിയ ദൂരദര്‍ശന്‍ പ്രഭാഷണത്തില്‍, ജനങ്ങള്‍ക്ക് മേലുള്ള നോട്ടു നിയന്ത്രണം പിന്‍വലിക്കുന്നു എന്നല്ല മറിച്ച്, പ്രയാസം തുടരുമെന്നും ഇത്രയും നാള്‍ സഹിച്ചതിന് നന്ദിയുണ്ടെന്നുമാണ് പറയുന്നത്. പ്രയാസം എപ്പോള്‍ തീരുമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. വിശ്വാസ വഞ്ചനയല്ലാതെ ഇതിനെ എന്തുവിളിക്കണം ?

നോട്ടു നിയന്ത്രണം പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തുടനീളം ബാങ്കുകള്‍ക്കുമുന്നില്‍ ആശങ്കപ്പെട്ടതുപോലെ നെടുങ്കന്‍ വരികളാണ് പ്രത്യക്ഷപ്പെട്ടത്. നൂറിലധികം പൗരന്മാര്‍ ക്യൂവില്‍ നിന്നും നിരോധനത്തിന്റെ ഭാരം സഹിക്കാനാവാതെയും മരിച്ചുവീണു. കിലോമീറ്ററുകള്‍ നടന്നാണ് വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് പാവപ്പെട്ട ഗ്രാമീണര്‍ ബാങ്കു ശാഖകളിലെത്തിയത്. മാറാന്‍ പണമില്ലാതെ ഗ്രാമീണ മേഖല ഏതാണ്ട് നിശ്ചലമായി. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും അത്താണിയായ സഹകരണ മേഖലക്ക് പുതിയ നോട്ടുകള്‍ നല്‍കാതിരുന്നതിനാല്‍ പ്രതിസന്ധി അതിരൂക്ഷമായി. പലരും പട്ടിണിയിലാണ്. സാമ്പത്തിക രംഗം നിശ്ചലമാകവെ സാമ്പത്തിക വിദഗ്ധരും മറ്റും സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നു.

ദിവസവും ഒന്നും രണ്ടും എന്ന കണക്കിന് 64 ഉത്തരവുകള്‍ റിസര്‍വ് ബാങ്കിന് മാറ്റിമാറ്റി ഇറക്കേണ്ടിവന്നു. നോട്ടുബന്ധനം ദീര്‍ഘ ദൃഷ്ടിയില്ലാത്ത നടപടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ജനത്തോട് രാജ്യത്തിനുവേണ്ടി സഹിക്കൂ അല്ലെങ്കില്‍ എന്നെ ശിക്ഷിക്കൂ എന്നായിരുന്നു പൊതുയോഗങ്ങളിലെ മോദിയുടെ മറുപടി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുതള്ളി അദ്ദേഹം. ഇതിനിടെയെല്ലാം ഡിസംബര്‍ 30 കഴിയുമ്പോള്‍ മോദിയില്‍ നിന്ന് പ്രയാസം മാറ്റുന്ന ശുഭകരമായത് കേള്‍ക്കുമെന്നായിരുന്നു ജനത്തിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ വരിയില്‍ നിന്നവര്‍ ലാത്തികൊണ്ടടിയേറ്റപ്പോഴും മോദിയുടെ വാക്ക് വിശ്വസിച്ച് എല്ലാം സഹിച്ചു. എങ്ങും കലാപത്തിന് മുതിര്‍ന്നില്ല. എന്നാല്‍ നോട്ടുനിരോധനത്തിലൂടെ പിന്‍വലിച്ച 15.44 ലക്ഷം കോടിയിലെ 14 ലക്ഷം കോടിയും തിരിച്ചെത്തിയിരിക്കുന്നു. 6.5 ലക്ഷം കോടി മാത്രമേ അച്ചടിക്കാനായിട്ടുള്ളൂവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേന്ദ്ര മന്ത്രിമാരാകട്ടെ ഇനിയും സഹിക്കേണ്ടിവരുമെന്നാണ് പറയുന്നത്. പഴയയത്രയും നോട്ടുകള്‍ അച്ചടിക്കില്ലെന്ന് ധനമന്ത്രി പറയുന്നു. പകരം നോട്ടില്ലാതെ കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് ജനം മാറണമെന്നാണിപ്പോള്‍ സര്‍ക്കാരിലെ ആളുകള്‍ ഉപദേശിക്കുന്നത്. 40 ശതമാനം പേര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാത്ത രാജ്യത്ത് എങ്ങനെയാണ് ജനത കാഷ്‌ലെസിലേക്ക് പോകുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നില്ല.

അഞ്ചു ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആളുകള്‍ പറഞ്ഞു നടന്നതെങ്കില്‍ ഡിസംബര്‍ 31ന് ശേഷത്തെ നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്കോ പ്രധാനമന്ത്രിയോ വെളിപ്പെടുത്താതിരുക്കുന്നതിന്റെ അര്‍ഥം, പദ്ധതി പരാജയപ്പെട്ടുവെന്ന പരോക്ഷ സമ്മതമാണ്. വിവരാവാകാശനിയമപ്രകാരമുള്ള ചോദ്യത്തിനുപോലും രാജ്യത്തെ ഉന്നത ഔദ്യോഗിക ബാങ്കിന് മറുപടിയില്ല. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം അഞ്ചു ശതമാനം കണ്ട് പിറകോട്ടു പോകുമെന്ന് ലോക ബാങ്ക് മുതല്‍ ഡോ. മന്‍മോഹന്‍സിങ് വരെ പറഞ്ഞിട്ടും അതിനു മറുപടി പറയാതെ ബാങ്കുകളിലെത്തിയ പണം കൊണ്ട് കൂടുതല്‍ വായ്പ നല്‍കുമെന്നാണ് വാഗ്ദാനം. പ്രവാസികള്‍ നേരിട്ടെത്തി നോട്ടു മാറണമെന്ന് ശഠിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകരുടെ കടത്തിന് രണ്ടു മാസത്തിന് പലിശയില്ലെന്ന് പ്രഖ്യാപിക്കുന്ന മോദി പണമില്ലാത്ത ഇടപാടിന് പേരിട്ടിരിക്കുന്നത് ദലിത് നേതാവ് അംബേദ്കറുടെ പേരുള്‍പ്പെടുത്തിയ ഭീം ആപ്പാണ്. 1.28 കോടി ജനങ്ങളെ ഒറ്റയടിക്ക് വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണ് ഇതിലൂടെ മോദി നടത്തിയിരിക്കുന്നത്. ധനമന്ത്രി ജെയ്റ്റ്‌ലിയുടെ റോള്‍ സ്വയം ഏറ്റെടുത്ത് മിനിബജറ്റ് പ്രസംഗമാണ് മോദി ഡിസംബര്‍ 31ന് നടത്തിയത്.

പാര്‍ലമെന്റിനെ പോലും വെട്ടിച്ചുകടന്ന് പൊതുസമ്മേളനങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കുന്ന മോദി നല്‍കുന്ന സന്ദേശം തന്റെ അപ്രമാദിത്തം രാജ്യം അംഗീകരിക്കണമെന്നാണ്. നുണകളും കാപട്യങ്ങളും മുഖമുദ്രയാക്കിയിരിക്കുന്ന നേതാവ് ഏകച്ഛത്രാധിപതിയെപോലെ കോട്ടും സ്യൂട്ടുമായി സിംഹാസനത്തിലിരുന്ന് പാറാവുകാരുടെ തണലില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. അരിയെത്ര എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പയറഞ്ഞാഴി. കള്ളപ്പണവും തീവ്രവാദവും കള്ളനോട്ടുമില്ലാതായോ. 425 ബാങ്ക് ശാഖകളില്‍ നിന്നായി പുതിയ പിങ്ക് നോട്ടുകള്‍ പുറത്തുപോയതും 4200 കോടി രൂപയുടെ മാത്രം കള്ളപ്പണം പിടികൂടാനായതും മോദിയുടെ ഗിരിപ്രഭാഷണത്തിലില്ല. ബാങ്കുകള്‍ നാലു ശതമാനം ഭവന വായ്പ കുറക്കുമെന്ന് പറയുമ്പോഴും പുതിയ വായ്പക്ക് ഒരു ശതമാനത്തില്‍ താഴെ പലിശ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ബാങ്കുകള്‍ നടത്തിയിരിക്കുന്നത്. എല്ലാ കാലത്തും ചിലരെയും ചിലരെ എല്ലാ കാലത്തേക്കും പറ്റിക്കാമെന്നല്ലാതെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാമെന്ന് ‘പോസ്റ്റ് ട്രൂത്തിന്റെ’ ഈ കള്ളകാലത്ത് മോദി ധരിച്ചുവശായിരിക്കുന്നെങ്കില്‍ അതിശക്തമായ ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യ ആ വ്യാമോഹങ്ങളെയൊക്കെയും ചരിത്രത്തിന്റെ ശവക്കുഴിയില്‍ തള്ളുമെന്ന് തിരിച്ചറിഞ്ഞാല്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്കും നന്ന്.