കമാല്‍ വരദൂര്‍

ചില ദിവസങ്ങളെ ഇങ്ങനെയാണെന്ന് കരുതി സമാധാനിക്കാം-അല്ലാതെ എന്തെഴുതാന്‍…! ചാമ്പ്യന്മാരായ ചെന്നൈ ഡല്‍ഹിക്കാരോട് തകര്‍ന്നില്ലേ..? ഗോവക്കാര്‍ എല്ലാവര്‍ക്കും മുന്നില്‍ പതറുന്നില്ലേ…, ഇത് വരെ മുന്നില്‍ സഞ്ചരിച്ച നോര്‍ത്ത് ഈസ്റ്റുകാര്‍ ഇപ്പോള്‍ പിറകിലായില്ലേ…. അത്തരത്തില്‍ മറ്റുളളവരെ നോക്കി ആശ്വസിക്കാം. തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നില്‍ കയറിയ ഒരു ടീം അഞ്ച് ഗോളുകള്‍ വാങ്ങിയെന്ന് മാത്രമല്ല-അത് വാങ്ങിയ വിധമാണ് ദയനീയം. ഡിയാഗോ ഫോര്‍ലാന്‍ ലോകോത്തര താരമാണ്-അത്തരം ഒരു താരം മുന്‍നിരയില്‍ കളിക്കുമ്പോള്‍ അത്യാവശ്യ ജാഗ്രത പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സ് കാണിച്ചില്ല. ഫോര്‍ലാനായിരിക്കും കേരളത്തിന് തലവേദനയെന്ന് വളരെ വ്യക്തമായ ബോധ്യമുണ്ടായിട്ടും അദ്ദേഹത്തെ പോലെ അനുഭവസമ്പന്നായ ഒരു താരത്തിന് നമ്മുടെ പെനാല്‍ട്ടി ബോക്‌സില്‍ നല്‍കിയ സ്വാതന്ത്ര്യത്തെ എന്ത് പേരിട്ടാണ് വിളിക്കാനാവുക…ഉറുഗ്വേക്കാരന്‍ സ്വന്തം കുടുംബത്തെ സാക്ഷി നിര്‍ത്തി നേടിയ മൂന്ന് ഗോളും എത്ര എളുപ്പത്തിലായിരുന്നുവെന്ന് നോക്കുക.

മുംബൈ കോച്ച് മൂന്ന് ഗോളിന് ശേഷം അദ്ദേഹത്തെ തിരിച്ചു വിളിക്കുന്നു. അല്‍പ്പം കഴിഞ്ഞ് മറ്റൊരു സൂപ്പര്‍ താരം ഡെഫഡറിക്കോയെ വിളിക്കുന്നു. അവസാനത്തില്‍ അതിവേഗക്കാരനായ സോണി നോര്‍ദെയെ കളിപ്പിക്കുന്നു-ഒരു കോച്ച് ഇത്രമാത്രം അനായാസമായി ഈ ഐ.എസ്.എല്ലില്‍ സ്വന്തം നിരയെ മാറി പരീക്ഷിച്ച് കളിപ്പിച്ചിട്ടുണ്ടാവില്ല. നമ്മുടെ പ്രതിരോധം ആരോണ്‍ ഹ്യൂസ് ഗ്യാലറിയിലിരിക്കവെ വട്ടപ്പൂജ്യമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ…. അഞ്ച് ഗോളിന്റെ തോല്‍വി ടീമിനെ ഗുരുതരമായി ബാധിക്കും. ഇത് വരെ മുന്‍നിരയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. പതിനൊന്നാം മല്‍സരത്തിലെ ഈ അതിദയനീയ പരാജയത്തിന് ഹ്യൂസിന്റെ സംഘം വന്‍ വില നല്‍കേണ്ടി വരും. സി.കെ വീനിതിനെ മുംബൈ ഡിഫന്‍സ് മുറുക്കിയ കാഴ്ച്ച നോക്കുക-ആ പാഠം ഇനിയെങ്കിലും ബ്ലാസ്‌റ്റേഴ്്‌സ് ഉള്‍കൊള്ളുക. ഫോര്‍ലാനെ വെറുതെ വിട്ടതിന് നല്‍കിയ ഈ വിലക്ക് മാപ്പില്ല. ഒരു പക്ഷേ ഇതായിരിക്കും ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ ഏറ്റവും ദയനീയ തോല്‍വി-അങ്ങനെ വന്നാല്‍ ഇതില്‍പ്പരം മറ്റ് നാണക്കേടുമില്ല. നല്ല ഫുട്‌ബോള്‍ ആരാധകനായി ഫോര്‍ലാന്റെ ആ ഗോളുകള്‍ക്ക് 100 ല്‍ 100 മാര്‍ക്കിട്ട് ആ മഹാനായ താരത്തെ അനുമോദിക്കാം. ഫോര്‍ലാന്‍, താങ്കള്‍ക്ക് നമോവാകം.