ന്യൂഡല്‍ഹി: പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ആറ് ലക്ഷം കോടിയിലധികം രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ചോദ്യോത്തര വേളയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2016 ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. 49 സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഇത്രയും തുക കിട്ടാക്കടമുള്ളത്. വീഴ്ച വരുത്തിയവരില്‍ പലരും വിന്‍കിടക്കാരാണ്. ഇവരുട പേര് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പകരം ബാങ്കുകളുടെ പേരു വിവരങ്ങളും ഓരോ ബാങ്കുകള്‍ക്കും ലഭിക്കാനുള്ള കിട്ടാക്കടത്തിന്റെ കണക്കുകളും മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

1

പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള 20 കിട്ടാക്കടങ്ങള്‍ മാത്രം 1.54 ലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്. അസറ്റ്‌സ്(മൂലധനം) എന്നാണ് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ വിശേഷിപ്പിക്കുന്നത്. ഇതിന് ലഭിക്കേണ്ട തിരിച്ചടവ് ഗഡുക്കളും പലിശയുമാണ് ബാങ്കുകളുടെ റവന്യൂ(വരുമാനം). നിശ്ചിത തീയതിക്കകം തിരിച്ചടക്കാത്ത തുകകളെയാണ് ബാങ്കുകള്‍ ബാഡ് ലോണ്‍ (വായ്പാ കുടിശ്ശിക) ഗണത്തില്‍ പെടുത്തുന്നത്. വീഴ്ച വരുത്തി 90 ദിവസം പിന്നിട്ടിട്ടും തിരിച്ചടക്കാതെ വരുമ്പോഴാണ് ഇവയെ നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സ്- എന്‍.പി.എ അഥവാ കിട്ടാക്കടത്തില്‍ ഉള്‍പെടുത്തുന്നത്. വായ്പ നല്‍കിയ തുകയും കിട്ടാക്കടവും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് ബാങ്കുകളുടെ കാര്യക്ഷമത വിലിയിരുത്തുന്നത്.

aa

കിട്ടാക്കടവും വായ്പയും തമ്മിലുള്ള അനുപാതം കൂടുതല്‍ ഓവര്‍സീസ് ബാങ്കിലാണ്. മൊത്തം വായ്പാ തുകയുടെ 20.26 ശതമാനം വരും ഇവിടെ കിട്ടാക്കടം. യൂക്കോ ബാങ്ക് ആണ് (18.66 ശതമാനം) രണ്ടാം സ്ഥാനത്ത്. ബാങ്ക് ഓഫ് ഇന്ത്യ (16.01 ശതമാനം) മൂന്നാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ തുക കിട്ടാക്കടമുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 93,000 കോടി രൂപ. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്- 55,000 കോടി രൂപ. ബാങ്ക് ഓഫ് ഇന്ത്യയാണ് (44,000 കോടി) മൂന്നാം സ്ഥാനത്ത്. ലോഹം, ലോഹ ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ മേഖലയാണ് വായ്പാ തിരിച്ചടവില്‍ കൂടുതല്‍ വീഴ്ച വരുത്തിയിട്ടുള്ളത്. 4.33 ലക്ഷം കോടി രൂപയാണ് ഈ മേഖലക്ക് നല്‍കിയ വായ്പാതുക. കിട്ടാക്കടം 1.49 ലക്ഷം കോടി രൂപയും. ടെക്‌സ്റ്റയില്‍ മേഖല, ബീവറേജസ് (ചായ, കാപ്പി ഒഴികെ), പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കിട്ടാക്കടത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 17 ശതമാനത്തോളം വരും ഇത്.

സര്‍ഫാസി ആക്ട് ആണ് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കുകളുടെ പ്രധാന ആയുധം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ ഉടമസ്ഥതയിലുള്ള സ്വത്തു വകകള്‍ കണ്ടു കെട്ടുന്നതിന് ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന നിയമമാണിത്. സര്‍ഫാസി നിയമം അനുസരിച്ച് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 64,519 സ്വത്തു വകകള്‍ കണ്ടുകെട്ടിയതായി കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് 33,928 സ്വത്തു വകകളും കണ്ടുകെട്ടി.