വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയോടെ ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സാവാഹിരി പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസിന്റെ നീക്കം. ഹംസയുമായി ബന്ധപ്പെട്ടു രാജ്യത്തു നടക്കുന്ന എല്ലായിടപാടുകളും തടയാനാണ് നടപടി.

2011 ല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഹംസ അല്‍ഖ്വയ്ദയില്‍ സജീവമായത്. 2015 ല്‍ അല്‍ഖ്വയ്ദയില്‍ ഔദ്യോഗിക അംഗമായ ഹംസയ്ക്ക് മുപ്പതില്‍ താഴെയാണ് പ്രായം. കഴിഞ്ഞ ജൂലൈയില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ ബിന്‍ ലാദനെ വധിച്ച യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഹംസ മുന്നറിയിപ്പ് നല്‍കിയിരുന്നു.