കസ്റ്റഡിയില്‍ വാങ്ങി,അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയും ആര്‍.എസ്.എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് പ്രമുഖുമായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനാ കുറ്റത്തിന് രണ്ട്‌പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പറവണ്ണ കാഞ്ഞീരക്കുറ്റിയിലെ തലേക്കര വീട്ടില്‍ തുഫൈല്‍ (32), പെരിന്തല്ലൂരിലെ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫൈസല്‍ വധക്കേസിലെ പ്രതിയായ ബിബിനെ വധിക്കാന്‍ ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നു. പൊന്നാനി, കുറ്റിപ്പുറം, നരിപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെയും കൊണ്ട് എടപ്പാള്‍, കുറ്റിപ്പുറം ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഇവരുടെ അറസ്റ്റോടെ സംഭവത്തില്‍ ഉള്‍പെട്ടവരുടെ മുഴുവന്‍ വിവരങ്ങളും ലഭിച്ചതായി പൊലീസ് പറഞ്ഞു.