മേവത്ത്: ബക്രീദ് കാലത്ത് ബീഫ് ബിരിയാണി റെയ്ഡിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന ഹരിയാന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ബീഫ് കഴിച്ചതിന് ഒരുകൂട്ടമാളുകള്‍ തങ്ങളെ ബലാത്സംഗം ചെയ്‌തെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മേവത്തിലെ രണ്ട് പെണ്‍കുട്ടികള്‍.

രണ്ടാഴ്ച്ച മുമ്പാണ് കൂട്ടബലാത്സംഗം നടന്നത്. ഡല്‍ഹിയില്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍.എന്നാല്‍ പെണ്‍കുട്ടികളോ അവരുടെ കുടുംബമോ ഇക്കാര്യം നേരത്തെ തങ്ങളോട് പറഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. കൂട്ടബലാത്സംഗവുമായി ഗോരക്ഷകര്‍ക്ക് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഗസ്ത് 24ന് മേവത്തിലെ സ്വവസതിയില്‍ വെച്ചാണ് 20 വയസ്സുള്ള പെണ്‍കുട്ടിയേയും ബന്ധുവായ പതിനാലുകാരിയേയും ഒരു സംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തത്. വീട്ടിലുണ്ടായിരുന്ന അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ടായിരുന്നു അതിക്രമം. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗം കുറ്റത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമായിരുന്നു ആദ്യം കേസ്. പ്രദേശവാസികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ക്കെതിരെ കൊലപാത കുറ്റം ചുമത്താന്‍ പൊലീസ് തയ്യാറായത്. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ചുമാസങ്ങളായി സംസ്ഥാനത്ത് ഗോരക്ഷകര്‍ അഴിഞ്ഞാടുകയാണ്. ബീഫ് കടത്തിയെന്ന് ആരോപിച്ച് ജൂണില്‍ ലോറി െ്രെഡവറെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നിരുന്നു.

മേവത്തിലെ തെരുവോര കടകളില്‍ ബീരിയാണിയ്‌ക്കൊപ്പം ബീഫും വില്‍ക്കുന്നുണ്ടെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചുവെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് തുടരുന്നതിനിടെയാണ് പെ ണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പിടിയിലായ നാല് പേര്‍ മേഖലയിലെ സ്ഥിരം പ്രശ്‌നക്കാരാണെന്നും കൂട്ടബലാത്സംഗം നടക്കുന്ന ദിവസം രാവിലെ ഇവര്‍ മദ്യപിക്കുന്നതായി കണ്ടുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കളിലൊരാള്‍ പറയുന്നു. ഹരിയാനയിലെ മുസ്‌ലീം ഭൂരിപക്ഷ ജില്ലയാണ് മേവത്ത്. അതിനാല്‍ തന്നെ ബക്രീദ് കാലത്തെ ബിരിയാണി റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് റെയ്ഡ് കാരണം തെരുവോര ബിരിയാണി സ്റ്റാളുകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. നിരവധി പേരുടെ ബിരിയാണി ചെമ്പുകള്‍ പൊലീസുകാര്‍ കണ്ടുകെട്ടി. കടകളില്‍ നിന്നും ശേഖരിച്ച ബിരിയാണി സാമ്പിളുകളില്‍ ഏഴ് എണ്ണത്തില്‍ ബീഫ് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.

ബീഫ് വില്‍ക്കുന്നുവെന്ന് കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സംസ്ഥാന ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗോവധവും ഗോമാംസ വില്‍പ്പനയും നിയമംമൂലം നിരോധിച്ച സംസ്ഥാനമാണ് ഹരിയാന. ഗോവധത്തിന് പിടികൂടിയാല്‍ പത്ത് വര്‍ഷം തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ രൂപ പിഴയുമാണ് ശിക്ഷ.