റിയാദ്: വഞ്ചനാകുറ്റത്തിന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഭാര്യയും കാമുകനും അകത്തായി. ഇന്ത്യക്കാരായ യുവതിയെയും കാമുകനെയും ദുബൈ പൊലീസാണ് ദുബൈയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്. അതേസമയം ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
 
ദുബൈയില്‍ എയര്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരനാണ്, ഭാര്യ കാമുകനൊത്ത് ദുബൈയിലെ ഹോട്ടലില്‍ റൂമെടുത്ത് കഴിയുകയാണെന്ന് കാണിച്ച് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്ത് ഇവരെ പിടികൂടുകയായിരുന്നു.
 
കുടുംബ സുഹൃത്ത് കൂടിയായ കാമുകന്‍, ഈയിടെ ഭാര്യയെ വിവാഹമോചനം ചെയ്ത് നാട്ടിലേക്കയച്ചിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഇയാള്‍ പിന്നീട് തന്റെ ഭാര്യയുമായി അടുപ്പം പുലര്‍ത്തുന്നത് ശ്രദ്ധിച്ചിരുന്നതായി പരാതിക്കാരന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ കാമുകിക്ക്് ഫോണില്‍ വിളിക്കുകയും എസ്.എം.എസ് അയക്കുകയും ചെയ്തിരുന്നു. 
 
അതേസമയം, കാമുകനുമായി ഒമ്പത് വര്‍ഷത്തെ പരിചയമുണ്ടെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി തങ്ങള്‍ തീവ്ര പ്രണയത്തിലാണെന്നും 35കാരിയായ സ്ത്രീ പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും തന്നെ മര്‍ദിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു മകനുണ്ടെന്നും പൊലീസ് പറഞ്ഞു.