ജറൂസലം: മസ്ജിദുല്‍ അഖ്‌സയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങളെ ചൊല്ലി ഇസ്രാഈല്‍ സേനയും ഫലസ്തീനുകളും തമ്മില്‍ ബുധനാഴ്ചയും ഏറ്റുമുട്ടി. മസ്ജിദിനു പുറത്ത് തടിച്ചുകൂടിയ ഫലസ്തീനികളെ പിരിച്ചുവിടാന്‍ ഇസ്രാഈല്‍ പൊലീസ് സ്റ്റണ്‍ ഗ്രനേഡ് പ്രയോഗിച്ചു. പ്രാര്‍ത്ഥനക്കെത്തിയ ഒരാളെ സൈനികര്‍ വലിച്ചിഴച്ചു കൊണ്ടുപോകുകയും ഒരാളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടു.
മസ്ജിദുല്‍ അഖ്‌സക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ സൈനികര്‍ നീക്കി. വെള്ളിയാഴ്ച അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ തുടര്‍ന്ന് മസ്ജിദ് അടച്ചതോടെ ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോഴും അയവുവന്നിട്ടില്ല. മസ്ജിദ് തുറന്നെങ്കിലും മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചത് ഫലസ്തീനികളെ രോഷാകുലരാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ആഹ്വാനപ്രകാരം രോഷത്തിന്റെ ദിനമായി ആചരിച്ചു. നാളെ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങാന്‍ മസ്ജിദുല്‍ അഖ്‌സ ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് ഹുസൈന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഹമാസിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടക്കും. വെള്ളിയാഴ്ച മുഴുവന്‍ ഫലസ്തീനികളോടും മസ്ജിദുല്‍ അഖ്‌സയിലേക്ക് നീങ്ങാന്‍ അല്‍ അഖ്‌സ് വഖ്ഫ് മേധാവി ഷെയ്ഖ് അസ്സാം ഖാതിബ് തമീമി പറഞ്ഞു.