കോഴിക്കോട്: എഴുത്തുകാരനായ കമല്‍ സി. ചവറ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് നടപടിക്കും അതുവഴി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഭരണ പ്രതിപക്ഷ ഭേദമെന്യെ നേതാക്കള്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനം രൂക്ഷമാവുന്ന ഘട്ടത്തിലാണ് പൊലീസിനെ ഒറ്റപ്പെടുത്തി മുഖംരക്ഷിക്കാന്‍ കോടിയേരി രംഗത്തെത്തിയത്.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത് പൊലീസിന്റെ തോന്ന്യാസമാണെന്ന് കോടിയേരി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അഭിപ്രായപ്പെട്ടു. കമല്‍ സി. ചവറ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുവന്ന യു.എ.പി.എ നിയമത്തെ പൊലീസ് ദുരുപയോഗം ചെയ്യാന്‍ പാടില്ല. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസായിട്ടും കമല്‍ സി. ചവറ്ക്ക് ജാമ്യം കിട്ടിയത് എല്‍ ഡി എഫിന്റെ നയം കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു.