X

കുട്ടികളില്‍ ലൈംഗീക അക്രമവാസന വര്‍ധിക്കുന്നു

 

വര്‍ഷങ്ങള്‍ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്‍ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍ സംശയമുള്ള പലരെയും ചോദ്യം ചെയ്തു. ഒടുവില്‍ പ്രതിയെ പൊലീസ് പിടിച്ചപ്പോഴാണ് നാട്ടുകാര്‍ ശരിക്കും അമ്പരന്നത്. പ്രദേശത്തുള്ള 12 വയസുള്ള ആണ്‍കുട്ടിയായിരുന്നുവത്. വീട്ടില്‍ വളരെമോശം ജീവിത ചുറ്റുപാടുള്ള ഒരാളായിരുന്നു അവന്‍. അതുകൊണ്ടുതന്നെ ആറാം കഌസില്‍വെച്ച് പഠിപ്പ് നിര്‍ത്തി. ആര്‍ക്കെങ്കിലും എന്തെങ്കിലും വാങ്ങികൊടുത്തും രാത്രി പീടിക തിണ്ണകളിലോ ബസ് സ്റ്റോപ്പിലോ കിടന്നവന്‍ ജീവിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യയോടെ അടുത്ത വീട്ടില്‍ ടി.വി കാണാന്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് ലൈംഗീക പീഡനത്തിനുശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു കേസ്. ഇതിനുശേഷം രാത്രിയില്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുറ്റിക്കാട്ടില്‍കൊണ്ടുപോയി ഒളിപ്പിച്ചു.
കേസന്വേഷണത്തിനിടയില്‍ സമീപ പ്രദേശങ്ങളിലുള്ള ചില സ്ത്രീകളും പുരുഷന്മാരും ആണ്‍കുട്ടിയെ പലപ്പോഴായി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കേസ് വിചാരണയെ തുടര്‍ന്ന് തെളിവുകളുടെ അപര്യാപ്തതയില്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ആണ്‍കുട്ടിയെ വെറുതെ വിട്ടു. സംഭവം കണ്ടതിന് സാക്ഷികളില്ലാത്ത കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ആരോപണം ഉന്നയിച്ച പൊലീസിനെയും കോടതി ശക്തമായി വിമര്‍ശിച്ചു. ജുവനൈല്‍ ഹോമില്‍ റിമാന്റ് തടവുകാരനായിരുന്ന ആണ്‍കുട്ടി ജയില്‍വിമോചിതനായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ വിഷം കഴിച്ച് മരിച്ചു.
കേരളത്തില്‍ ലൈംഗീക ആക്രമണങ്ങളില്‍ കുട്ടികളുടെ പങ്ക് വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്. കുട്ടികളില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും വലിയ ദുരന്തമാണുണ്ടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12 വയസുകാരനായ അച്ഛന്‍ നമ്മുടെ സംസ്ഥാനത്തും. 2017 മാര്‍ച്ചില്‍ പതിനാറുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് വ്യക്തമായത്.
സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ ലൈംഗീക ആക്രമണകേസുകളില്‍ പ്രതികളായവരില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള നിരവധി ആണ്‍കുട്ടികള്‍ ലൈംഗീക കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലെ കൂട്ട ബലാത്സംഗ സംഭവത്തിനുശേഷം ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യുകയും പതിനെട്ട് എന്നുള്ളത് പതിനാറാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. കേസ് ഡയറികള്‍ പരിശോധിക്കുമ്പോള്‍ പല കേസുകളിലും കുട്ടികുറ്റവാളികളുടെ പങ്കാളിത്തവും കലാവിരുതും വളരെ വ്യക്തമായി ബോധ്യമായതായും ഇത് അറിയാതെ പറ്റുന്നതല്ല, തികഞ്ഞ ബോധ്യത്തോടെ തന്നെയാണെന്ന് മനസിലാവുമെന്നും തൃശൂരിലെ സീനിയര്‍ സ്‌പെഷ്യല്‍ പോക്‌സോ പബഌക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റീസ് ആക്ട് 16 വയസെന്നുള്ളത് വീണ്ടും കുറച്ച് 14 എങ്കിലും ആക്കണമെന്നാണ് നിര്‍ദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാര്യങ്ങളുടെ വരുംവരായ്കളെകുറിച്ച് വേണ്ടത്ര ബോധമില്ലാത്ത സമയത്ത് ചെയ്യുന്ന ലൈംഗീക അക്രമ കേസുകളില്‍ കുട്ടികുറ്റവാളികളെ ശിക്ഷിച്ച് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ജയിലിലേക്ക് അയക്കുന്നതോടെ പിന്നീട് നല്ലമാര്‍ഗത്തിലേയ്ക്ക് തിരിച്ചുവരവില്ലാത്ത രീതിയില്‍ കൂടുതല്‍ ക്രിമിനലാവുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡംഗം സ്മിത സതീശ് പറയുന്നു. നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് ജീവിതത്തിലേക്കൊരു മടങ്ങിവരാന്‍ ജുവനൈല്‍ ഹോമുകള്‍ തന്നെയാണ് നല്ലതെന്നും സ്മിത കൂട്ടിചേര്‍ത്തു.
വീടുകളിലെ മോശം ജീവിത സാഹചര്യമാണ് കൂടുതല്‍ കുട്ടി കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. സ്‌കൂളിലെയും നാട്ടിലെയും മോശം കൂട്ടുകെട്ടുകളും മറ്റൊരു കാരണമാണ്. സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന കുട്ടികളില്‍പെട്ടവരും നിരവധി ലൈംഗീക ആക്രമണ കേസുകളില്‍പെടുന്നുണ്ട്. കൗതുകവും കൂട്ടുകാരുടെ മുന്നില്‍ ആളാകാനുള്ള പ്രവൃത്തിയും അശഌല ചിത്രങ്ങള്‍ കാണുന്നതും അത്തരം പുസ്തകങ്ങള്‍ വായിക്കുന്നതും വീഡിയോ മൊബൈല്‍ ദൃശ്യങ്ങളും വാട്‌സാപ്പുമെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, മയക്കുഗുളിക, മദ്യം പോലുള്ള ലഹരിഉപയോഗങ്ങളും ചെറുപ്പത്തിലെ അക്രമ വാസനകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊലപാതക കേസുകളിലും മോഷണകേസുകളിലുമടക്കം നിരവധി കുട്ടികുറ്റവാളികള്‍ ദിനംപ്രതി പ്രതികളായികൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ഏഴ് ശതമാനം പേര്‍ 18 വയസിന് താഴെയുള്ളവരാണെന്നുള്ളത് ശതമാനത്തില്‍ കുറവാണെങ്കിലും സമൂഹത്തിന്റെ മാനസികനില വെച്ചുനോക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതു തന്നെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കാനുമായി ഉണ്ടാക്കിയ പോക്‌സോ ഇരകളാകപ്പെടുന്നവര്‍ക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. എന്നാല്‍ പോക്‌സോ കേസുകള്‍ മാത്രം വിചാരണ ചെയ്യാന്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന ജില്ലകളില്‍ മാത്രമേ കോടതികളുള്ളൂ. ഇതിനാല്‍ ഭൂരിഭാഗം ജില്ലകളിലും പോക്‌സോ കേസുകള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. അങ്ങിനെ വരുമ്പോള്‍ നീതിയല്ല, നീതി നിഷേധമാണുണ്ടാവുക. അതിനെകുറിച്ച് നാളെ.

chandrika: