X

വിമാനം വൈകി; ഒപ്പമുണ്ടായിരുന്ന മന്ത്രിയോട് പൊട്ടിത്തെറിച്ച് യാത്രക്കാര്‍

ന്യൂഡല്‍ഹി: വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ വൈകി. ക്ഷുഭിതരായ യാത്രക്കാര്‍ അടുത്തു കിട്ടിയ മന്ത്രിയോട് തന്നെ പ്രതിഷേധിച്ചു. ഒടുവില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷനും പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസും. ബുധനാഴ്ച രാവിലെ ആറ് മണിക്ക് ഡല്‍ഹിയില്‍ നിന്നും വിജയവാഡയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരോട് കാരണമൊന്നും പറയാതെ വൈകിയത്. മന്ത്രി ഉള്‍പ്പെടെ യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിയ ശേഷം ഒന്നര മണിക്കൂറോളം പറന്നുയരാതെ വിമാനം നിര്‍ത്തിയിടുകയായിരുന്നു. ക്ഷുഭിതരായ യാത്രക്കാര്‍ മന്ത്രിയോട് പ്രതിഷേധം അറിയിച്ചു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ സി.എം.ഡി പ്രദീപ് ഖരോലയിലെ ഫോണില്‍ വിളിച്ച് മന്ത്രി കാരണം അന്വേഷിച്ചു. ഒടുവില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷനും പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയെന്ന് എയര്‍ ഇന്ത്യ വക്താവ് ജി.പി റാവു മാധ്യമങ്ങളോട് പറഞ്ഞു. കാഴ്ച വ്യക്തമാവുന്നതിനാണ് ടേക്ക് ഓഫ് നീട്ടിവെച്ചതെന്നാണ് ടെക്‌നിക്കല്‍ വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇക്കാര്യം ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തെ അറിയിച്ചില്ല. അതുകൊണ്ടുതന്നെ അവര്‍ കൃത്യസമയത്ത് പുറപ്പെടുന്നതിനായി യാത്രക്കാരെ വിമാനത്തില്‍ കയറ്റി. എന്നാല്‍ പൈലറ്റിന്റെ എയര്‍പോര്‍ട്ട് പാസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം സെക്യൂരിറ്റി പോസ്റ്റില്‍ അദ്ദേഹത്തെ തടഞ്ഞെന്നും ഇതാണ് വിമാനം വൈകാന്‍ കാരണമെന്നുമാണ് ജീവനക്കാരുടെ വാദം.

chandrika: