Connect with us

Video Stories

നിര്‍ത്താനായില്ലേ കൊലക്കത്തി രാഷ്ട്രീയം

Published

on

നാലുമാസം മാത്രം പ്രായമുള്ള കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളുടെ പരമ്പരയാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് ഇതിനകം അറുപതോളം പേരാണ് വിവിധ സംഘട്ടനങ്ങളിലായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ നാല്‍പത്തെട്ടു മണിക്കൂറിനകം രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നു. പതിവുപോലെ ഇരു വിഭാഗവും പരസ്പരം കുറ്റം ചാര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ താന്‍ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ഉത്തര കേരള ജില്ലയില്‍ നടന്നുവരുന്ന സി.പി.എം-ആര്‍.എസ്.എസ് നരബലികള്‍.

നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങളില്‍ യോഗ്യത തെറ്റിച്ച് നിയമനം നല്‍കുമ്പോഴാണ് മറുഭാഗത്ത് പോരു കോഴികളെ പോലെ അണികള്‍ നാള്‍ക്കുനാള്‍ തലയറ്റുവീഴുന്നത്. പാര്‍ട്ടികളുടെ തീട്ടൂരത്തിനു മുമ്പില്‍ പൊലീസ് സംവിധാനം വെറും നോക്കുകുത്തിയായിരിക്കുകയാണിവിടെ. ജില്ലയില്‍ 1970 മുതല്‍ 360 ഓളം പേര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ബലിയാടായി. നൂറോളം അക്രമ സംഭവങ്ങളിലായി നാലു മാസത്തിനകം ജില്ലയില്‍ മാത്രം രണ്ടു ഭാഗത്തുമടക്കം ഏഴു പേര്‍ കൊലചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികളുമായി ഒരു ചര്‍ച്ച പോലും നടത്തിയില്ല. ഇടതു സര്‍ക്കാര്‍ വന്ന ശേഷമുള്ള പിണറായിയിലെ മാത്രം മൂന്നാമത്തെ കൊലപാതകമാണ് ഇന്നലത്തേത്. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസാണ് തങ്ങളുടെ കാപാലിക രാഷട്രീയത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയിട്ടുള്ള മറുവിഭാഗം.

രാജ്യത്ത് പലയിടത്തുമെന്ന പോലെ കേരളത്തിലും കുളം കലക്കി മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പിക്കുള്ള അവസരം സ്വയം സൃഷ്ടിച്ചു നല്‍കുകയാണ് സംസ്ഥാന ഭരണക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. ഇതിനുപിന്നില്‍ തങ്ങളല്ലെന്ന പതിവുവാദമാണ് ബി.ജെ.പി നേതൃത്വം ഉയര്‍ത്തിയത്. എന്നാല്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും വേണ്ടി ബോംബും മറ്റും നിര്‍മിച്ചുനല്‍കുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്.
കൊലപാതകം നടത്തുകയും ജനങ്ങളുടെ മേല്‍ ഹര്‍ത്താല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന രീതിയാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നത്. തിങ്കളാഴ്ച കൊലചെയ്യപ്പെട്ടതിന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ന് സംസ്ഥാന ഹര്‍ത്താല്‍ കൊണ്ട് പകരം വീട്ടുകയാണ് മറുവിഭാഗം. ഫലത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും ജനത്തിന് സൈ്വര്യമായി സഞ്ചരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്യുകയെന്ന ദ്വിമുഖ പദ്ധതിയാണ് ഇക്കൂട്ടര്‍ നടപ്പാക്കുന്നത്. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ ഹര്‍ത്താലും സഹിക്കേണ്ടിവരുന്ന ജനങ്ങളുടെ കാര്യം ആര് കണക്കിലെടുക്കുന്നു. ഉത്തരവാദപ്പെട്ട സര്‍ക്കാരിലെ ആളുകളാണ് ഇതിനുപിറകിലെന്നത് ഏറെ കൗതുകകരവും ആശങ്കാജനകവുമാണ്.

കൊല ചെയ്താലും രക്ഷിക്കാന്‍ നേതൃത്വം ഉണ്ടെന്നതാണ് ഒടുങ്ങാത്ത ഈ നരഹത്യക്ക് ലളിതമായ ഹേതു. ജയിലില്‍ കിടക്കാനും തെളിവില്ലെന്നുവരുത്തി രക്ഷപ്പെടുത്താനും കരുക്കളൊരുക്കുമ്പോള്‍ എതിര്‍വിഭാഗം വധശിക്ഷ സ്വയം വിധിച്ച് പകരം കൊല്ലാന്‍ തയ്യാറാകുന്നു. ബോംബടക്കമുള്ള നൂറുകണക്കിന് ആയുധങ്ങളാണ് ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. നാനൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നിട്ടും ഇതിലൊന്നും കാര്യമായ റോളില്ലാത്ത ഗതികേടിലാണ് പൊലീസ്. കേന്ദ്രത്തിലെ മുഖ്യകക്ഷിയായ ബി.ജെ.പിയുടെയും സംസ്ഥാനത്തെ പ്രധാന ഭരണകക്ഷിയായ സി.പി.എമ്മിന്റെയും താഴേക്കിട നേതാക്കളും പ്രവര്‍ത്തകരുമാണ് കൊലചെയ്യപ്പെടുന്നത്.

കോണ്‍ഗ്രസിന്റെയും മുസ്്‌ലിം ലീഗിന്റെയും പ്രവര്‍ത്തകരും സി.പി.എം വിട്ടവരും സി.പി.എമ്മിന്റെ നരവേട്ടക്ക് ഇരയായിട്ടുണ്ട്. സി.പി.എം അധികാരത്തിലെത്തുമ്പോഴെല്ലാം ജില്ലയിലെ കൊലപാതക രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് കണ്ടുവരാറുള്ളത്. രക്ഷിക്കാനാളുണ്ടെന്നതാണോ ഇതിനു കാരണമെന്ന് പരിശോധിക്കണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തുമാകാമെന്നത് കണ്ണൂരിലെ അലിഖിത നിയമമാണ്. വിഷയം കഴിഞ്ഞ മാസം കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി ഉന്നയിക്കുകയുണ്ടായെങ്കിലും തങ്ങളുടെ അണികളുടെ ചെയ്തികള്‍ക്കെതിരെ ഒരു വാക്കുപോലും ഉരിയാടിയില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവന്‍ ആക്രമിച്ചാണ് തങ്ങളുടെ പക തീര്‍ക്കാനൊരുമ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് കേരളത്തിലെത്തി പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഭഗവത് പറഞ്ഞതിനെ പിണറായി വിജയന്‍ സ്വാഗതം ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച് താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇരുവരും. പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയെ നേരില്‍ വിഷയം ബോധ്യപ്പെടുത്തിയെന്നും കേള്‍ക്കുന്നു. ആര് ആദ്യം വാള്‍ ഉറയിലിടുമെന്നതാണ് തര്‍ക്കവിഷയമത്രെ. കൊലക്കത്തിക്കിരയാകുന്നവരില്‍ ബഹുഭൂരിപക്ഷവും സാദാ പ്രവര്‍ത്തകരാണെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടിയ സംവിധായകന്‍ ശ്രീനിവാസനെ പോലുള്ളവരെ ആക്ഷേപിക്കാനാണ് പാര്‍ട്ടി നേതൃത്വം തുനിഞ്ഞതെന്നത് കാണണം.

സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി പരസ്യമായി വിചാരണ ചെയ്ത് കൊന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെയും വടകരയില്‍ 51 വെട്ടേറ്റ് പിടഞ്ഞുവീണുമരിച്ച ടി.പി ചന്ദ്രശേഖരന്റെയും രക്തസാക്ഷിത്വം മലയാളി എന്നും ഭയത്തോടെ ഓര്‍ക്കുന്നത് ആ നരഹത്യക്കു പിന്നിലെ ആസൂത്രണവും ആയുധക്കരുത്തും ആയി നിലകൊണ്ടത് ഉന്നതരായ മാര്‍ക്‌സിസ്റ്റ് നേതാക്കളായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. ടി.പി കൊലക്കേസില്‍ വാടകക്കൊലയാളികളെയാണ് സി.പി.എം ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഷുക്കൂര്‍, മനോജ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇപ്പോഴും പുറത്താണ്.
നേതാക്കളുടെ സഹകരണവും സാമ്പത്തിക പിന്തുണയുമില്ലാതെ ഇത്തരം കൊലപാതകങ്ങള്‍ നടക്കില്ലെന്നത് തീര്‍ച്ചയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ആഭ്യന്തര വകുപ്പ് കൈയാളുന്ന പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ പൊതുജനത്തിനോട് എന്താണ് പറയാനുള്ളത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗണ്യമായി കുറയാനിടയായത് അക്രമികളെ പിടിച്ചുകെട്ടാന്‍ പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതുകൊണ്ടു തന്നെയാണെന്ന് വ്യക്തമാണ്.

ഇരകളുടെ ആശ്രിതര്‍ക്ക് പാര്‍ട്ടികള്‍ നിയമപരവും സാമ്പത്തികമായ പിന്തുണ നല്‍കിയാല്‍ തന്നെയും നാഥന്‍ നഷ്ടപ്പെടുന്ന കുടുംബത്തിന്റെയും മകന്‍ നഷ്ടമാകുന്ന മാതാവിന്റെയും അച്ഛന്‍ ഇല്ലാതാകുന്ന കുരുന്നുകളുടെയും കണ്ണീര്‍ തടുക്കാന്‍ രക്തസാക്ഷി മ ണ്ഡപങ്ങള്‍ക്കും പുഷ്പ ചക്രങ്ങള്‍ക്കുമാകില്ല. ഓരോ കൊലപാതകവും പരസ്പര വൈരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് എത്രയും വേഗം കൊലക്കത്തി താഴെവെക്കാന്‍ ആരു തയ്യാറാകുമെന്ന് കാത്തിരിക്കുകയാണ് പ്രബുദ്ധ കേരളം.

Continue Reading
Advertisement
1 Comment

1 Comment

  1. shabeer

    October 13, 2016 at 05:27

    ടിപി യുടെ കൊലപാതകത്തിന് ശേഷം നടന്ന കൊലപാതകങ്ങളിലൊന്നും ബോംബ് ഉപയോഗിച്ചതായി കാണുന്നില്ല. ബോംബ് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഭീകരവാദം എന്ന പരിധിയിൽ പെടുത്തിയതിനാലാണ് എന്ന് മനസിലാക്കേണ്ടിവരും. അതുകൊണ്ടു 5 വെട്ടിൽ കൂടുതലുള്ള ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് നടത്തുന്ന എല്ലാ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതേ ഭീകരവാദ നിയമത്തിനു കീഴിൽ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending