കെ.എന്‍.എ ഖാദര്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ വളരെ ബുദ്ധിമാനാണ്. സാധാരണഗതിയില്‍ ആര്‍ക്കും പുനര്‍ നിയമനം കിട്ടാറില്ല. അതും പ്രായപരിധി കഴിഞ്ഞ ശേഷം ആദ്യമായി പുനര്‍ നിയമനം വഴി അധികാരത്തില്‍ തുടരാന്‍ ഇദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിനെയും കേരള സര്‍ക്കാറിനെയും ഒരേ സമയം പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് സത്യം. നിയമ വിരുദ്ധമായ ഒരു സുപ്രധാന നിയമനം നടത്തിക്കൊടുത്ത് പിണറായിയെ പ്രീതിപ്പെടുത്തി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെന്ന യോഗ്യതക്ക് മാര്‍ക്കു നല്‍കി അവരെ അസോസിയേറ്റ് പ്രൊഫസറായി അവിടെ നിയമിച്ചുകൊടുത്തു. കൂടുതല്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിരുന്നു. അക്കാദമിക യോഗ്യത രാഷ്ട്രീയ യോഗ്യതയുടെ ഏഴലയത്തുപോലും വരില്ലല്ലോ. അങ്ങിനെ മുഖ്യനും പാര്‍ട്ടിയും സംപ്രീതരായി. സര്‍വകലാശാലയിലെ പി.ജി വിദ്യാര്‍ത്ഥികളുടെ സിലബസ് പരിഷ്‌ക്കരിച്ചുകൊണ്ട് സംഘപരിവാര്‍ സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം എതിര്‍പ്പുകളെ വക വെക്കാതെ തീരുമാനിച്ചു. ഗോള്‍വള്‍ക്കര്‍, സവര്‍ക്കര്‍, മധോക്ക് ഉപദ്ധ്യായ തുടങ്ങിയവരുടെ അഞ്ചു പുസ്തകങ്ങള്‍ അതിനായി തിരഞ്ഞെടുത്തു. കാര്യമറിയാതെ വിദ്യാര്‍ത്ഥികളും മറ്റും ഇതില്‍ പ്രതിഷേധിച്ച് വിവാദമാക്കി. വേണമെങ്കില്‍ ഇടതുപക്ഷ സിദ്ധാന്തങ്ങളും ചേര്‍ക്കാമെന്ന് അദ്ദേഹം ഏറ്റു. അവസാനം ഫലത്തില്‍ കാവിവല്‍ക്കരണവും അദ്ദേഹം നടപ്പിലാക്കി. ആ കോഴ്‌സ് മുഖ്യമന്ത്രിയുടെ തട്ടകമായ ബ്രണ്ണന്‍ കോളജില്‍ നിന്നു പഠിച്ചു തുടങ്ങാനും തീരുമാനമായി. അതോടെ മോദി സര്‍ക്കാറിനും തൃപ്തിയായി. പുനര്‍ നിയമനം അങ്ങനെ അദ്ദേഹത്തിന് ഉറപ്പായി കിട്ടി. കണ്ണൂരില്‍ പുതിയ വി.സി യെ കണ്ടെത്താന്‍ വെച്ച സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ പിരിച്ചു വിട്ടു. ഇനി തിരച്ചില്‍ കമ്മിറ്റി വേണ്ട എന്ന് സര്‍ക്കാറും പറഞ്ഞു. അവര്‍ തന്നെ ആളെ കണ്ടെത്തിയ സ്ഥിതിക്ക് അദ്ദേഹം കണ്ണൂര്‍ വി.സി യായി നീണാള്‍ വാഴട്ടെ എന്നും തീരുമാനമായി.

കുട്ടിക്കടത്ത് വിവാദം
അന്നം തരുന്നവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം ശിശുക്ഷേമ സമിതിയിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിലും ആലുവ സ്‌റ്റേഷനിലും പൊതുഭരണ സിരാകേന്ദ്രത്തിലെ എല്ലാ ഇടനാഴികകളിലും വളരെ സജീവമായി നിലനില്‍ക്കുന്നു. പ്രണയ വിവാഹിതയായ ഒരു പെണ്‍കുട്ടി പ്രസവിക്കുന്നു. കുഞ്ഞിന്റെ അച്ഛനും അമ്മയും സഖാക്കളാണ്. എങ്കിലും കുഞ്ഞിനെ മൂന്നാം ദിവസം ചില ഭരണകക്ഷിക്കാര്‍ ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ട് പോയി ശിശുക്ഷേമ സമിതി വഴി നട്ടപ്പാതിരാനേരത്ത് ആന്ധ്രാക്കാരായ ദമ്പതികള്‍ക്ക് ദത്ത് നല്‍കുന്നു. കുഞ്ഞിനെ അന്വേഷിച്ചു ചെന്ന അമ്മയുടെ അവകാശം തട്ടിത്തെറിപ്പിച്ചാണ് ഇതു ചെയ്തത്. കുഞ്ഞിന്റെ വലിയച്ഛന്‍ വലിയ കമ്യൂണിസ്റ്റായിരുന്നതും ഒരു കാരണമാണ്. ദത്ത് നല്‍കാന്‍ ലൈസന്‍സുണ്ടായിരുന്നില്ല. കുഞ്ഞിനെ അജ്ഞാതരായ ആരും അമ്മ ത്തൊട്ടിലില്‍ ഇട്ടു പോയതല്ല. അമ്മത്തൊട്ടില്‍ അന്ന് ഉണ്ടായിരുന്നില്ല. കുഞ്ഞ് ആണായിരുന്നു. രേഖകള്‍ രജിസ്റ്ററില്‍ നിന്നും ചുരണ്ടിക്കളഞ്ഞ് കുട്ടിയെ പെണ്ണാക്കുന്നു. പേരും മലാലയെന്നാക്കി രേഖ തിരുത്തുന്നു. ദത്ത് കാത്ത് കിടക്കുന്ന മറ്റൊരു കുഞ്ഞ് നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെങ്കിലും അതിനെ കൊടുക്കാതെ ഈ കുഞ്ഞിനെ കൈമാറുന്നു. അങ്ങിനെ കുഞ്ഞിന്റെ അമ്മയേയും ദത്ത് വാങ്ങാന്‍ വന്ന ആന്ധ്രാക്കാരെയും ഒരേ സമയം കബളിപ്പിക്കുന്നു. എല്ലാ അധികാരികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അധികൃതര്‍ക്കും തുരുതുരെ കൊടുത്ത പരാതികള്‍ ഫലം കണ്ടില്ല. പാര്‍ട്ടി നേതാക്കളും പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയും വ്യാജ പ്രചരണങ്ങളും കണ്ട് സഹികെട്ട മാതാപിതാക്കള്‍ സമരത്തിലേര്‍പ്പെടുന്നു. മൊത്തം കേരളത്തെ കൊഞ്ഞനംകുത്തി കാണിച്ച കുട്ടിക്കടത്തു സംഘം മനസില്ലാമനസ്സോടെ കുട്ടിയെ തിരിച്ചെത്തിക്കാന്‍ നിര്‍ബന്ധിതരാവുന്നു. എത്തിയ കുട്ടിയെ അതിവേഗം വിട്ടുകൊടുക്കാതെ പരമാവധി നേരം വൈകിക്കുവാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നു. എല്ലാ കുറ്റവാളികളും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണലില്‍ ഇപ്പോഴും വിലസുന്നു. ഡി.വൈ.എഫ്.ഐ ക്കാരുടെ കുഞ്ഞിനെ പാര്‍ട്ടി നേതാക്കള്‍ തട്ടിക്കളിക്കുന്നു.

പൊലീസ് ഭരണം
ഏത് ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്താലും കേരളത്തില്‍ ഇടതുഭരണം ഉള്ള കാലത്തോളം പൊലീസുദ്യോഗസ്ഥരും ഉന്നതരായ ഐ.എ.എസുകാരും ഉള്‍പ്പെടെ പാര്‍ട്ടിയോടൊപ്പം നിന്നാല്‍ ഇവിടെ രക്ഷപ്പെടും. മോണ്‍സന്‍ മാവുങ്കലിന്റെ എല്ലാവിധ തട്ടിപ്പുകളുടെയും കൂടെ നിന്ന് ധൈര്യം കൊടുക്കുന്നതും സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് പ്രോത്സാഹിപ്പിച്ചതും ഉന്നതരായ പൊലീസുദ്യോഗസ്ഥരാണെന്ന് നാം കണ്ടു. വ്യാജന്മാരോടൊത്തവര്‍ സുഖിച്ചുമദിച്ചു നടന്നു. ഡി.ജി.പി, ഐ.ജി, സര്‍ക്കിള്‍ തൊട്ട് സകലരും ഇതിലുള്‍പ്പെടുന്നു. പിണറായി സാര്‍ ഉള്ളകാലത്തോളം ആരും പേടിക്കേണ്ട. ഉന്നത പൊലീസ് പദവിയില്‍ നിന്ന് വിരമിച്ചാലും കേരളത്തില്‍ തത്തുല്യമായ തസ്തികകളില്‍ നിയമിക്കപ്പെടുകയും ചെയ്യും. ആലുവായിലെ മോഫിയ പര്‍വീണ്‍ കേസിലും അഞ്ചലിലെ ഉത്തര കേസിലും ഉള്‍പ്പെട്ട എല്ലാ പീഢന, സ്ത്രീധന വീരന്മാര്‍ക്കും കേരളം സുഖവാസ കേന്ദ്രമാണ്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാത്തിലും ഇത്തരക്കാരുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ പെരുകി വരുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളോടൊപ്പം ഉറച്ചുനില്‍ക്കുന്ന പൊലീസ് മേധാവികള്‍ കുറച്ചൊന്നുമല്ല. നിയമാനുസൃതം പ്രവര്‍ത്തിക്കുകയും സത്യസന്ധരായി ജീവിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും കഷ്ടകാലത്തില്‍ തന്നെ. ഇവിടെ നടക്കുന്ന ജാതീയ, വര്‍ഗീയ പീഢനങ്ങളിലും ഇതുതന്നെ സ്ഥിതി. ദുരഭിമാനക്കൊലയും മറ്റും ഇപ്പോള്‍ കേരളത്തിലും നടക്കുന്നു. ഉത്തര്‍ പ്രദേശിലെ കുപ്രസിദ്ധമായ പി.എ.സിക്ക് സമാനം നമ്മുടെ പൊലീസിനെ ദയവായി മാറ്റരുത്.

വണ്ടിപ്പൊളി വ്യവസായം
കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ പഴയ വാഹനങ്ങള്‍ പൊളിക്കുന്ന ഒരു കേന്ദ്രം ഡല്‍ഹിക്കടുത്ത് നോയിഡയില്‍ തുടങ്ങുകയാണ്. പൊളിച്ചെടുക്കുന്ന ഭാഗങ്ങള്‍ നിര്‍മാണ കമ്പനികള്‍ക്കു തന്നെ നല്‍കുന്ന വിധമാണ് ഇതിന്റെ സംവിധാനം. പൊളിച്ചെടുക്കുന്ന വണ്ടിയുടെ 96 ശതമാനവും പ്രയോജനപ്പെടുത്താന്‍ വാഹന നിര്‍മാണ കമ്പനികള്‍ക്ക് കഴിയുമത്രെ. എന്തിനധികം, ഉപയോഗിച്ച ഓയില്‍ വരെ വീണ്ടും ഉപയോഗ്യമാക്കുന്നതിനാണ് തീരുമാനം. ഈ കമ്പനികള്‍ നടത്തുന്നത് മാരുതി സുസുകി, ടൊയോട്ട കമ്പനികള്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പുതിയകമ്പനിയാണ്. നല്ല തീരുമാനമാണ്, നിധിന്‍ ഗഡ്കരി പറയുന്നത് ഇന്ത്യയിലെ എല്ലാ ജില്ലകളിലും കമ്പനികള്‍ക്ക് കീഴില്‍ പൊളിസ്ഥലങ്ങള്‍ ഉണ്ടാക്കുമെന്നാണ്. ഇതിന് കുഴപ്പമൊന്നുമില്ല. മേലില്‍ നാം വാങ്ങിക്കുന്ന പുതിയ കാറുകളുടെ മിക്ക ഭാഗങ്ങളും പഴയ വണ്ടികളില്‍ നിന്ന് പൊളിച്ചെടുത്തവയാവും എന്നേയുള്ളൂ. വില പഴയതുപോലെ തന്നെ. ചിലപ്പോള്‍ പൊളിക്കൂലി കൂടി പുതിയ വണ്ടി വാങ്ങുന്നവരുടെ തലയിലായേക്കാം. എങ്ങിനെയുണ്ട് സര്‍ക്കാറിന്റെ ബുദ്ധി.

കെ റെയില്‍ സില്‍വറല്ല, സ്വര്‍ണം
തിരുവനന്തപുരത്തു നിന്ന് കേരളത്തിന്റെ വടക്കേ അറ്റത്തേക്ക് നാലു മണിക്കൂര്‍ കൊണ്ട് ഓടിയെത്തുവാന്‍ കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് പിണറായി സര്‍ക്കാര്‍ ദിവസവും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പ്രതിപക്ഷ കക്ഷികള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നു. അത്രയും അത്യാവശ്യമുള്ള ഒരു അടിയന്തിര കാര്യമാണിതെന്ന് പൊതുജനം കരുതുന്നില്ല. ഇത്തരം വന്‍കിട പദ്ധതികള്‍ നടപ്പാക്കുവാന്‍ ഈ സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യവും ധൃതിയും സംശയാസ്പദമാണ്. സാമ്പത്തിക സ്ഥിതി ദയനീയമായതിനാല്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കുമേല്‍ കേരളം ചുമത്തുന്ന നികുതിയില്‍ നിന്നും വല്ലതും കുറക്കാന്‍ പോലും ഈ സര്‍ക്കാര്‍ തയാറായില്ല. വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നില്ല. പണമില്ലെന്ന പാണന്റെ പാട്ട് തുടരുമ്പോഴും കെ റെയിലിന് കോടാനുകോടികള്‍ മുടക്കാന്‍ തിടുക്കം കൂട്ടുന്നു. വല്ലതും പോക്കറ്റിലാക്കാനുള്ള ഇത്തരം വഴികള്‍ അന്വേഷിച്ചു നടക്കുകയാണ് കേരള സര്‍ക്കാര്‍. കെ റെയില്‍ പദ്ധതിക്ക് ആവശ്യത്തിന് മുടക്കാനുദ്ദേശിച്ച പണം കൊണ്ട് കേരളത്തിലെ മൊത്തം പഞ്ചായത്തുകളിലെ ചെറിയ റോഡുകള്‍ നന്നാക്കിയെടുക്കാനാവും. നല്ല ഐശ്വര്യമായി നാടുഭരിക്കാന്‍ പണമുണ്ടാവുമ്പോള്‍ വമ്പന്‍ പദ്ധതികള്‍ ആലോചിച്ചാല്‍ പോരേ. കൊക്കിലൊതുങ്ങാത്തത് കൊത്തേണ്ടത് ഇപ്പോള്‍ വേണോ ?.