X

കാലം കരുതിവെച്ച കാവ്യനീതി- അഡ്വ. എം.ടി.പി.എ കരീം

അഡ്വ. എം.ടി.പി.എ കരീം

ഒരു വര്‍ഷം മുമ്പ് മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ കോവിഡിനോടൊപ്പം കേരളമാകെ ആഞ്ഞടിച്ച സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആരോപണമായിരുന്നു ‘പ്രവാസികള്‍ മരണവ്യാപാരി’കളെന്നത്. സ്വന്തം മണ്ണിനേയും കൂടപ്പിറപ്പുകളേയും വിട്ട് മണലാരണ്യത്തിലെ പ്രാതികൂല്യങ്ങളെ തരണം ചെയ്ത് നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളെ മാറ്റിനിര്‍ത്താനും നാടണയാനുള്ള അവരുടെ മോഹങ്ങളിന്മേല്‍ തടസങ്ങള്‍ സൃഷ്ടിച്ച് കരിനിഴല്‍ വീഴ്ത്താനും ശ്രമിച്ച സര്‍ക്കാര്‍ നെറികേടുകള്‍ മറക്കാറായിട്ടില്ല. നിയമത്തിന്റേയും അനാവശ്യ ടെസ്റ്റുകളുടേയും കുരുക്കില്‍പെടുത്തിയും എങ്ങനേയും നാട്ടില്‍ വന്നെത്തിയവരെ ആഴ്ചകളോളം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ തളച്ചും പീഡിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. വിമാനക്കൂലി ഭീകരമാംവിധം ഉയര്‍ത്തി പ്രവാസികളുടെ വരവിനെ തടഞ്ഞ് നിര്‍ത്തിയവര്‍, കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകള്‍ സ്വന്തം ചിലവില്‍ ഒരുക്കിയ പല ചാര്‍ട്ടേഡ് വിമാനങ്ങളെപോലും നിലംതൊടാന്‍ അനുവദിച്ചിരുന്നില്ല.

ഇന്നിപ്പോള്‍ കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ‘മരണ വ്യാപാരിക’ളെന്ന പട്ടം സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മും സ്വയം അണിയുകയാണ്. ഇത് കാലം കരുതിവെച്ച കാവ്യനീതിയാണ്. കോവിഡ് അതിന്റെ പരമകാഷ്ടയില്‍ എത്തിനില്‍ക്കേ ഇതിനായി പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബാധ്യതപ്പെട്ട സര്‍ക്കാറിനെ നയിക്കുന്നവര്‍ രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നവിധം പാര്‍ട്ടി സമ്മേളനങ്ങളില്‍ അഭിരമിക്കുന്ന അത്ഭുത കാഴ്ചയാണ് കേരളീയര്‍ക്ക് കാണേണ്ടിവന്നിരിക്കുന്നത്. പിണറായി സ്തുതിപാടി അഞ്ഞൂറിലേറെ പേര്‍ അണിനിരന്ന തിരുവാതിരക്കളിയും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍പറത്തിയ സമ്മേളനങ്ങളിലെ പങ്കാളിത്തവും കണ്ട് അന്ധാളിച്ച പൊതു സമൂഹമിപ്പോള്‍ ഉറക്കെ വിളിച്ചുപറയുകയാണ് ഇവരാണ് യഥാര്‍ത്ഥ മരണവ്യാപാരികളെന്ന്.

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് 50 പേരായി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഇതിനേക്കാളും പാര്‍ട്ടി സമ്മേളനത്തിന് എന്താണിത്ര പ്രത്യേകതയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം രാഷ്ട്രീയ തിമിരം ബാധിച്ച് മനുഷ്യ ജീവന് വില കല്‍പിക്കാത്ത സര്‍ക്കാറിനും സി. പി.എമ്മിനും മുഖത്തേറ്റ കനത്ത പ്രഹരമാണ്. നിയന്ത്രണങ്ങള്‍ അപ്പാടെ അവഗണിച്ച് പാര്‍ട്ടിക്കെന്ത് കോവിഡ് എന്ന മട്ടില്‍ സമ്മേളനവുമായി മുന്നോട്ടുപോയവര്‍ രോഗാണുവാഹകരുടെ പ്രത്യേക ക്ലസ്റ്ററായി രൂപപരിണാമം പ്രാപിച്ചുകഴിഞ്ഞു. പ്രമുഖരടക്കം സമ്മേളന പ്രതിനിധികളില്‍ മിക്കവരും കോവിഡ് ബാധിതരായി സ്വയം വിധിച്ച ക്വാറന്റീനിലായി. ഇവരില്‍നിന്നും മറ്റനേകം പേരിലേക്ക് രോഗം പടര്‍ന്നെന്നും ഇതിലൂടെ ടി.പി.ആറിന്റെ കുതിച്ചുചാട്ടമുണ്ടായതായും വിലയിരുത്തപ്പെട്ടു.

പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പാര്‍ട്ടി ഇടപെടലില്‍ ഒരു മണിക്കൂറിനകം പിന്‍വലിക്കേണ്ടിവന്നത് തങ്ങളുടെ അധികാരത്തിന്റെ മീതെ ഒരു പരുന്തും പറക്കരുതെന്ന സി.പി.എം ധാര്‍ഷ്ട്യമാണ് പ്രകടമായത്. പല കാര്യങ്ങളിലും ഭരണഘടന അനുവദിക്കുന്ന സ്വതന്ത്രാധികാരമുള്ള ജില്ലാഭരണാധികാരിയായ കലക്ടര്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴെയാണെന്ന പാര്‍ട്ടിയുടെ ഉഗ്രശാസനയില്‍ പടുത്തുയര്‍ത്തിയ ചീട്ട് കൊട്ടാരമാണ് ഹൈക്കോടതിവിധിയിലൂടെ പൊളിഞ്ഞ്‌വീണത്. പുറമേക്ക് പറഞ്ഞില്ലെങ്കിലും അനാവശ്യമായപാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി കൊടുക്കേണ്ടിവന്നതില്‍ മനംനൊന്താണ് കലക്ടര്‍ക്ക് പിന്നീട് അവധിയില്‍ പോകേണ്ടി വന്നത് എന്നത് ആര്‍ക്കാണറിയാത്തത്.

കോവിഡിന്റെ പ്രാരംഭദശയില്‍ പ്രവാസികളെ നികൃഷ്ട ജീവികളായി കണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും മരണവ്യാപാരികളായി അവരെ മുദ്രകുത്തി പടിക്ക് പുറത്ത് നിര്‍ത്തുകയും ചെയ്തവര്‍ മരണവ്യാപാരത്തിന്റെ മൊത്തകുത്തക ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവാസി സമൂഹത്തോട് പൊതുമാപ്പ് പറയാന്‍ സി.പി.എം തയ്യാറാകേണ്ടതുണ്ട്.

web desk 3: