അഡ്വ. കെ.എം ഷാജഹാന്‍

വര്‍ഗ രാഷ്ട്രീയം പിന്തുടരുന്നു എന്ന് നാഴികക്ക് നാല്‍പതു വട്ടം ഉരിയാടുന്ന സി. പി.എം എന്ന വിപ്ലവ പാര്‍ട്ടിയുടെ നേതാവും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണ്‍, കടുത്ത വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയിരിക്കുന്നു! വര്‍ഗ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ് തങ്ങളുടെ പ്രത്യയശാസ്ത്രമെന്നും, ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുന്നത് വിഭാഗീയ ചിന്തയാണെന്നും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. സമൂഹത്തില്‍ രണ്ട് വര്‍ഗങ്ങളേ ഉള്ളു എന്നും, അവര്‍ സമ്പന്നരും ദരിദ്രരുമാണ് എന്നും, സമ്പന്നര്‍ ദരിദ്രരെ ചൂഷണം ചെയ്യുന്ന അസമമായ ഈ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ പോരാട്ടം നടത്തി, സമത്വത്തില്‍ അധിഷ്ഠിതമായ, സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും, അതിനുവേണ്ടിയുള്ള പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാണ് സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ പച്ച പരസ്യമായി ചോദിക്കുകയാണ്, കോണ്‍ഗ്രസ് നേതൃത്വത്തില്‍ എന്തേ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് എന്ന്!!

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍ ജനുവരി 18ന് പറഞ്ഞത് ഇങ്ങനെ: ‘ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞു’. ‘കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാ കാലത്തും ഒരു മതേതരത്വ സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മത വിഭാഗത്തില്‍പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍ ജേക്കബിനെ കെ.പി.സി.സി പ്രസിഡന്റാക്കി. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി പ്രസിഡന്റ്’. പച്ചയായ വര്‍ഗീയ വിഷം ചീറ്റല്‍ തുടര്‍ന്നുകൊണ്ട് കോടിയേരി പറഞ്ഞു: ‘കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട നേതാക്കളെയെല്ലാം ഇപ്പോള്‍ അവഗണിച്ച് വച്ചിരിക്കുകയാണ്. ഗുലാം നബി ആസാദ് എവിടെ? സല്‍മാന്‍ ഖുര്‍ഷിദ് എവിടെ? കെ. വി തോമസ് എവിടെ? ഇവരെയെല്ലാം ഒതുക്കിവച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണ്.’

വര്‍ഗ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ, മതേതരത്വത്തില്‍ വിശ്വസിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക്, മറ്റൊരു പാര്‍ട്ടിയുടെ നേതൃത്വത്തിലെ നേതാക്കന്മാരുടെ ജാതി തിരിച്ചു പറയാന്‍ യാതൊരു മടിയുമില്ല! എന്തൊരു അധ:പതനമാണ് ഇതെന്ന് കാണുക! കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ന്യൂനപക്ഷത്തെ ഒതുക്കി അവഗണിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്നതാണല്ലോ കോടിയേരി ബാലകൃഷ്ണന്റെ വാദം. സി.പി.എം വര്‍ഗ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതോടൊപ്പം ഒരു മതേതര പാര്‍ട്ടി കൂടിയാണല്ലോ. ആ പശ്ചാത്തലത്തില്‍ എല്ലാ സാമൂഹ്യ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അര്‍ഹമായ സ്ഥാനവും പ്രാതിനിധ്യവും ഉണ്ടാവേണ്ടതാണല്ലോ. പ്രത്യേകിച്ചും ഇന്ത്യയിലെ ഏറ്റവും പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍, പിന്നാക്ക വിഭാഗങ്ങളായ ദലിതര്‍ എന്നിവരുടെ പ്രാതിനിധ്യവും സി.പി.എം, നേതൃത്തില്‍ ഉറപ്പാക്കേണ്ടതായിരുന്നല്ലോ!

എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ അവസ്ഥ എന്തായിരുന്നു എന്നു നോക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു കല്‍ക്കട്ടയില്‍ നിന്നുള്ള മുസാഫര്‍ അഹമ്മദ്. മീററ്റ് ഗൂഢാലോചന കേസില്‍ എസ്.എ ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി, പി.ഡി ജോഷി എന്നിവരോടൊപ്പം ശിക്ഷിക്കപ്പെട്ട നേതാവായിരുന്നു മുസാസഫര്‍ അഹമ്മദ്. 1936 ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതുടര്‍ന്ന് മുസാഫര്‍ അഹമ്മദ് വീണ്ടും ജയിലില്‍ അടക്കപ്പെട്ടു. 1951 ലാണ് അദ്ദേഹം പിന്നീട് ജയില്‍ മോചിതനായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മുസാഫര്‍ അഹമ്മദ് പല തവണ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. 1964 ഒക്ടോബര്‍ 31നും നവംബര്‍ 7നുമിടക്ക് കല്‍ക്കത്തയില്‍ ചേര്‍ന്ന 7 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചാണ് സി.പി.എമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോ രൂപീകരിക്കപ്പെട്ടത്. അന്ന് പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിയായി. തിരഞ്ഞെടുക്കപ്പെട്ട 8 അംഗ പോളിറ്റ് ബ്യൂറോയില്‍ പക്ഷേ, സി.പി.എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ മുസാഫര്‍ അഹമ്മദ് ഉണ്ടായിരുന്നില്ല. ഇ. എം.എസ്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, എം ബാസവ പുന്നയ്യ, ജ്യോതിബസു, എ. കെ.ജി, പ്രമോദ് ദാസ് ഗുപ്ത, പി രാമമൂര്‍ത്തി, ബി.ടി രണദിവെ എന്നിവരായിരുന്നു മറ്റ് പി.ബി അംഗങ്ങള്‍. ഇവര്‍ക്കൊപ്പമോ, അതില്‍ കൂടുതലോ സി.പി.എമ്മിന്റെ ആദ്യ പി.ബിയില്‍ അംഗമാകാന്‍ യോഗ്യതയുള്ള നേതാവായിരുന്നു മുസാഫര്‍ അഹമ്മദ്. പക്ഷേ അദ്ദേഹം പി.ബിയില്‍ ഉള്‍പ്പെട്ടില്ല!

1964 നും 2018 നുമിടക്ക് സി.പി.എം 16 പോളിറ്റ്ബ്യൂറോകള്‍ രൂപീകരിക്കുകയുണ്ടായി. ഈ 16 പി.ബികള്‍ക്ക് 5 ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നു. സുന്ദരയ്യ, ഇ.എം.എസ്, സുര്‍ജിത്, പ്രകാശ് കാരാട്ട്, സിതാറാം യച്ചൂരി എന്നിവരായിരുന്നു അവര്‍. അതില്‍ ഒരു ന്യൂനപക്ഷ സമുദായാംഗം പോലും ഉണ്ടായിരുന്നില്ല. അതായത് സി.പി.എം രൂപീകരണത്തിന് ശേഷമുള്ള 57 വര്‍ഷത്തെ ചരിത്രത്തില്‍ സി.പി.എമ്മിന് ഒരൊറ്റ ന്യൂനപക്ഷ ജനറല്‍ സെക്രട്ടറി പോലും ഉണ്ടായില്ല എന്നര്‍ഥം! ഇക്കാലത്ത് പി.ബിയില്‍ അംഗങ്ങളായ 199 പേരില്‍ (അവരില്‍ പലരും ഒന്നിലധികം തവണ പി.ബി അംഗങ്ങളായിരുന്നു. അതില്‍ ജ്യോതിബസു 30 വര്‍ഷമായി 10 പി.ബികളില്‍ അംഗമായിരുന്നു) അതില്‍ രണ്ടേ രണ്ട് പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍! ഹന്നന്‍ മൊല്ലയും, മുഹമ്മദ് സലീമും. ഒരേ ഒരാള്‍ മാത്രമായിരുന്നു ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളത് എം.എ ബേബി. 57 വര്‍ഷം കഴിഞ്ഞിട്ടും സി.പി.എം പി.ബിയില്‍ ഒരു ദലിതനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്! മറുഭാഗത്ത് സി.പി.എമ്മിന്റെ 22 ാം പി.ബിയില്‍ അംഗങ്ങളായ 17 ല്‍ 13 പേരും ഉയര്‍ന്ന ജാതിക്കാരാണ്. അതില്‍ തന്നെ 8 പേര്‍ ബ്രാഹ്മണരാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ബ്രാഹ്മണരുടെ ജനസംഖ്യ കേവലം 4.7 ശതമാനം മാത്രമാണ്. എന്നാല്‍ വിപ്ലവ പാര്‍ട്ടിയായ സി.പി.എമ്മിന്റെ പി. ബിയില്‍ 47 ശതമാനവും ബ്രാഹ്മണരാണ്! ഇന്ത്യയില്‍ 20 ശതമാനം വരും മുസ്‌ലിം സമുദായം. പക്ഷേ സി.പി.എം പി.ബിയില്‍ 11.7 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ഇന്ത്യയിലെ ജനസംഖ്യയില്‍ 25 ശതമാനം ദലിതരാണ്. പക്ഷേ സി.പി.എമ്മിന്റെ പി.ബിയില്‍, രൂപീകരണത്തിനു ശേഷം 57 വര്‍ഷം കഴിഞ്ഞിട്ടും ഒരു ദലിതന് ഇതുവരെ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കേരളത്തില്‍നിന്ന് സമുന്നത രായ മുസ്‌ലിം നേതാക്കള്‍ സി.പി.എമ്മില്‍ ഉണ്ടായിട്ടുണ്ട്. ഇമ്പിച്ചിബാവ, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ ഇതിലുള്‍പ്പെടും. പക്ഷേ അവര്‍ കേന്ദ്ര കമ്മിറ്റിക്കപ്പുറം പോയിട്ടില്ല.

22 ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത 94 അംഗ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ 5 മുസ്‌ലിംകളും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവര്‍ 3 പേരും മാത്രമേ ഉള്ളു. അതായത് കേവലം 8.5 ശതമാനം മാത്രമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ പ്രാതിനിധ്യം. ഇനി കേരളത്തിലേക്ക് വന്നാലോ? കേരളത്തില്‍ സി.പി.എമ്മിന് ന്യൂനപക്ഷ സമൂഹത്തില്‍നിന്ന് ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടുണ്ടോ? ഇമ്പിച്ചിബാവ, പാലൊളി എന്നീ സമുന്നത നേതാക്കള്‍ ഈ വിഭാഗത്തില്‍നിന്ന് സി.പി.എം നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം. 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റാണ് സി.പി.എമ്മിനുള്ളത്. അതില്‍ ഒരേ ഒരാള്‍ മാത്രമാണ് മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ളത്-എളമരം കരീം. ദലിതന്‍ ഒരാള്‍ മാത്രം-എ.കെ ബാലന്‍. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 4 പേര്‍. 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ 6 പേര്‍ മാത്രം. മുസ്‌ലിം സ്ത്രീയാകട്ടെ ഒരേ ഒരാള്‍ മാത്രം-പി.കെ സൈനബ. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ 10 പേര്‍. 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ദലിതര്‍ 5 പേര്‍ മാത്രം.

അങ്ങനെ, ന്യൂനപക്ഷങ്ങളെ ആദ്യാവസാനം തഴഞ്ഞ, അവരെയും ഒപ്പം ദലിതരേയും ഒരു കാരണവശാലും നേതൃത്വത്തിലേക്ക് കൊണ്ടുവരാത്ത സി.പി.എം എന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്! ഇത് സ്വന്തം കണ്ണിലെ തടിയെടുക്കാതെ, അപരന്റെ കണ്ണിലെ കരട് തപ്പുന്നതുപോലെ മാത്രമേ കണക്കാക്കാനാകൂ! ഒപ്പം വര്‍ഗരാഷ്ട്രീയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും, മറുഭാഗത്ത് കൊടിയ വര്‍ഗീയ വിഷം സമൂഹത്തിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുക എന്ന ലക്ഷ്യവും ഈ പ്രസ്താവനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.