കെ. ജീബു

 

ബോളിവുഡിലെ എക്കാലത്തെയും സ്വപ്‌ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. നാലു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയില്‍നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച മഹാനടന്‍. 60 വര്‍ഷം കൊണ്ട് 40 സിനിമകളില്‍ മാത്രം അഭിനയിച്ചു അദ്ദേഹം മുഹമ്മദ് യൂസഫ് ഖാന്‍ എന്ന പഴക്കച്ചവടക്കാരന്‍ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നില്‍ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 സിസംബറില്‍ പാക്കിസ്താനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ പന്ത്രണ്ടു മക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാന്‍ ജനിച്ചത്. പഴക്കച്ചവടക്കാരനായ പിതാവിനൊപ്പം എട്ടാം വയസ്സില്‍ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളില്‍ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പില്‍ ക്യാന്റീന്‍ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ്.

1944ല്‍ ദേവികാറാണി നിര്‍മ്മിച്ച ‘ജ്വാര്‍ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ ഭഗവതി ചരണ്‍ വര്‍മയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാര്‍ എന്നാക്കിയത്. ‘ദീദാര്‍’, ‘അമര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔര്‍ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി.

‘ഗംഗാജമുന’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാതാവായി അദ്ദേഹം. ‘കലിംഗ’ എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. നിരവധി ചിത്രങ്ങളില്‍ ഒപ്പമഭിനയിച്ച, തന്നേക്കാള്‍ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ ജീവിതസഖിയാക്കി. 1976 മുതല്‍ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാര്‍ 1981ല്‍ വീണ്ടും വെള്ളിത്തിരയിലെത്തി. 1998ല്‍ ഡബിള്‍ റോളിലെത്തിയ ‘ക്വില’യാണ് അദ്ദേഹത്തിന്റെ അവസാനചിത്രം. ദേവദാസ്, മുഗള്‍ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാര്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാചരിത്രത്തിന്റെ ഭാഗമാണ്. ഫിലിം ഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാര്‍. ഇന്ത്യന്‍ സിനിമയിലെ നായക ത്രിമൂര്‍ത്തികളായ രാജ്കപൂര്‍, ദിലീപ് കുമാര്‍, ദേവാനന്ദ് എന്നിവരിലെ അവസാന കണ്ണിയും അറ്റുപോയിരിക്കുന്നു.

രാജ്യത്തെ പരമോന്നത ബഹുമതികളില്‍ പലതും അദ്ദേഹത്തെ തേടിയെത്തി. 1980ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991ല്‍ പത്മഭൂഷന്‍ സല്‍കി രാജ്യം ആദരിച്ചു. 1994ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ദിലീപ് കുമാറിന് ലഭിച്ചു. 1997ല്‍ ആന്ധ്ര സര്‍ക്കാര്‍ എന്‍.ടി.ആര്‍ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. 2000 മുതല്‍ 2006വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്). 1998ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്‍കി പാക്കിസ്താന്‍ ദിലീപ്കുമാറിനെ ആദരിച്ചു. 2014ല്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015ല്‍ പത്മവിഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

മലയാളിയും മുതിര്‍ന്ന സിനിമ പത്രപ്രവര്‍ത്തകയും സ്‌ക്രീന്‍ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാര്‍ 10 വര്‍ഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകള്‍ കോര്‍ത്തിണക്കി ‘സബ്സ്റ്റന്‍സ് ആന്റ് ദ ഷാഡോ’ എന്ന പുസ്തകം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ കമ്മീഷണറായിരുന്ന വെള്ളയമ്പലം സ്വദേശി എസ് അയ്യപ്പന്‍ പിള്ളയുടെ മകളാണ് ഉദയതാര. മുഗള്‍ എ അസം, രാം ഔര്‍ ശ്യാം, ഗംഗ ജമുന, കോഹിനൂര്‍, അന്താസ്, ആന്‍, ആസാദ്, നയദൗര്‍, മധുമതി തുടങ്ങി ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളുടെ നായകന്‍ ഇനി ഓര്‍മ മാത്രം.