X

വര്‍ഗീയ ചാപ്പകുത്തിന് മട്ടന്നൂര്‍ മറുപടി

സി.കെ.എ ജബ്ബാര്‍

സംസ്ഥാന ഭരണ വൈകല്യങ്ങള്‍ക്കും സി.പി.എമ്മിന്റെ രാഷ്ട്രീയ സമഗ്രാധിപത്യ നിലപാടിനുമെതിരായി പ്രതികരിക്കുന്നവര്‍ക്കെല്ലാം അവരുടെതായ കാഴ്ചപ്പാടുകളുണ്ട്. ഇക്കാര്യത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും വ്യത്യസ്ത രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാവുമെങ്കിലും പ്രതികരണങ്ങളില്‍ ചിലതൊക്കെ സാമ്യതയുള്ളതായിരിക്കും. ഈ സാമ്യതകളെ ചൂണ്ടിക്കാട്ടി അവര്‍ തമ്മിലെന്തോ രഹസ്യ സൗഹൃദമുണ്ടെന്ന് വര്‍ഗീയമായി ചേര്‍ത്ത് പറയുന്ന സമീപനം സി.പി.എം സ്വീകരിക്കാറുണ്ട്. സ്വന്തം നിലപാടിലെ സംഘീ സാമ്യതകള്‍ക്ക് മറയിടാനായാണെങ്കിലും പലപ്പോഴും യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ട് എന്ന് ചാപ്പ കുത്തുന്ന ഈ രീതിക്ക് കനത്ത മറുപടിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചെങ്കോട്ടകള്‍ ഏറെയുള്ള നഗരസഭയാണ് മട്ടന്നൂര്‍. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഭൂരിപക്ഷത്തിന്, കേരള നിയസഭയില്‍ ചരിത്രം സൃഷ്ടിച്ച മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിജയിച്ച മണ്ഡലത്തിന്റെ ഭാഗം. അവിടെ യു.ഡി.എഫ് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റ് നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സീറ്റിന്റെയും വോട്ടിന്റെയും ഈ ‘വ്യതിയാന’ത്തിന്റെ അണിയറ നിരീക്ഷണമായി സി.പി.എം പതിവ് പോലെ ബി.ജെ.പി-യു.ഡി.എഫ് ബന്ധം ഉണ്ടായി എന്ന് ആരോപിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചാല്‍ ആടിനെ പട്ടിയാക്കുന്ന ആരോപണമാണിതെന്ന് വ്യക്തമാവും. യു.ഡി.എഫിലെ ഭിന്നത മൂലം കാലാകാലങ്ങളില്‍ യു.ഡി.എഫ് വിജയിക്കുന്ന ചില വാര്‍ഡുകളാണ് 2017 ല്‍ എല്‍. ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞത് എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസ്താവനയില്‍ പറയുന്നത്. അതായത് സ്വന്തം സീറ്റാണ് യു.ഡി.എഫ് ഇത്തവണ തിരിച്ചുപിടിച്ചതെന്ന് സമ്മതിക്കുന്ന ജയരാജന്‍, കോണ്‍ഗ്രസുകാരെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്കാരും, ബി.ജെ. പിക്ക് എക്കൗണ്ട് ഉണ്ടാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസുകാരും പരസ്യമായി രംഗത്തിറങ്ങി എന്നും പറയുന്നു.

മുനിസിപ്പാലിറ്റിയില്‍ പുതുതായി എക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതാണ് ഇതിന് ഉദാഹരണമായി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി ഗ്രാമങ്ങളുടെ പാശ്ചാത്തലമുള്ള മുനിസിപ്പാലിറ്റിയില്‍ 2017 ല്‍ 8 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി എന്ന് മറക്കരുത്. അങ്ങിനെയൊരു പാര്‍ട്ടി ഒരു സീറ്റ് നേടും എന്ന് പറയുന്നതിലെന്ത് അല്‍ഭുതം? ബി.ജെ.പി ഇത്തവണ നാല് വാര്‍ഡില്‍ രണ്ടാം സ്ഥാനത്താണ്. നാല് വാര്‍ഡില്‍ ബി.ജെ.പി ഒതുങ്ങേണ്ടി പോയി എന്നതാണ് യു.ഡി.എഫ് ബാന്ധവമായി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ഥത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് എന്നും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളുടെ പതിവ് വോട്ട് വ്യതിയാനം എന്നതിലുപരി പ്രാധാന്യം ഇതിനില്ല. കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് സി.പി. എമ്മിന് മുമ്പില്‍ ഒറ്റക്ക് തലയുയര്‍ത്തി നില്‍ക്കുക എന്നതാണ് പാര്‍ട്ടി ഗ്രാമങ്ങളിലെ സംഘ്പരിവാര്‍ അടവ് നയം. ഇതിനായി അവര്‍ കോണ്‍ഗ്രസിനെതിരെ ഇടത് മുന്നണിക്ക് വോട്ട് ചെയ്യാറുണ്ട്. സംഘ് പരിവാര്‍ മനസുള്ള ചില ക്ഷേത്ര വിശ്വാസികളെ മനസ്സില്‍കണ്ട് സി.പി.എം ജാതീയ പരിഗണനയോടെ സ്ഥാനാര്‍ഥികളെ നിര്‍ത്താറുമുണ്ട്. ഇത്തരം ഘട്ടത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് ഒരു തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടായിരിക്കില്ല മറ്റൊരു തിരഞ്ഞെടുപ്പില്‍ കിട്ടാറ്. അതിനാല്‍ ബി.ജെ.പി-യു.ഡി.എഫ് സഖ്യം എന്ന പ്രചാരണം സി.പി.എമ്മിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ സംഘ്പരിവാര്‍ സ്വാധീനത്തിന്റെ അടിയൊഴുക്ക് മറച്ചുപിടിക്കാനുള്ള തുരുപ്പ് ശീട്ട് മാത്രമാണ്.

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് കേവലമൊരു തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മാത്രം രാഷ്ട്രീയ മാനമുള്ള ഒന്നല്ല. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി പിറവികൊണ്ടതും തുടര്‍ന്നുണ്ടായ നിയമ യുദ്ധങ്ങളുമാണ് ഇവിടെ കേരളത്തില്‍ വ്യത്യസ്തമായ ഒരു ദിവസം തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്. അതുകൊണ്ട്തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാതലത്തില്‍ തന്നെ നല്ല ഹോംവര്‍ക്ക് നടത്തി പടക്ക്പുറപ്പെടുന്ന തിരഞ്ഞെടുപ്പാണ് മട്ടന്നൂരിലെത്. തദ്ദേശ തിരഞ്ഞെടുപ്പ് എന്നതിനെക്കാള്‍ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുടെയും പൊതു നിരീക്ഷണമുള്ള അഭിമാന തിരഞ്ഞെടപ്പാണിത്. ഇത്തവണ തൃക്കാക്കരക്ക് ശേഷമുള്ള പൊതു തിരഞ്ഞെടുപ്പെന്ന സവിശേഷതയും ഉണ്ട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് വിലയിരുത്തിയ സി.പി.എമ്മിന് തങ്ങളുടെ പൊന്നാപുരം കോട്ടയായ മട്ടന്നൂരില്‍ ഏഴ് സീറ്റുകള്‍ പുതുതായി യു.ഡി.എഫ് പിടിച്ചെടുത്തുവെന്നത് ചെറിയ ആഘാതമല്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ഉയര്‍ന്ന സമരത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളും അണിചേര്‍ന്നപ്പോള്‍ പാര്‍ട്ടി കുടുംബങ്ങളെ അനുനയിപ്പിക്കാന്‍ ഭൂമിക്ക് പൊന്നും വില നല്‍കി സമവായം നടത്തിയ നാടാണിത്. വിമാനത്താവളത്തിന്റെ തിളക്കത്തിലാണ് പിന്നീട് ഇ.പി ജയരാജനും കഴിഞ്ഞതവണ ശൈലജ ടീച്ചറും തകര്‍പ്പന്‍ വിജയം നിയമസഭയിലേക്ക് നേടിയത്.

സി.പി.എമ്മിനെതിരായ
അടിയൊഴുക്കുകള്‍

സി.പി.എം ആരോപിക്കുന്നത് പോലെ യു.ഡി.എഫ്-ബി.ജെ.പി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ഇടത് മുന്നണിക്ക് മട്ടന്നൂര്‍ ഭരിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിയൊഴുക്കുകള്‍ വ്യക്തമാകുന്നു. 2017ല്‍ ആകെയുള്ള 35 സീറ്റില്‍ ഏഴു സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ അത് 14 സീറ്റുകളായി ഉയര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചു. ഏഴു സീറ്റുകള്‍ നഷ്ടമായ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി എന്നത് ശരിയാണ്. കുറച്ചുകൂടി ശ്രദ്ധിച്ചു കരു നീക്കിയിരുന്നുവെങ്കില്‍ യു.ഡി.എഫിന് ജയിച്ചുകയറാന്‍ സാധ്യതയുള്ള വാര്‍ഡുകള്‍ വേറെയും ഉണ്ടെന്ന് ഫലം വ്യക്തമാക്കുന്നു. ഇടതുമുന്നണിയുടെ കുത്തകയാണ് എന്ന പരമ്പരാഗത വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി. എഫ് മല്‍സരത്തെ കണ്ടത്. എന്നാല്‍, ഇടതുമുന്നണിയുടെ കാലിന്‍ ചുവട്ടില്‍നിന്ന് മണ്ണ് ചോരുകയാണെന്ന് ഫലം വന്നപ്പോള്‍ ബോധ്യമാവുകയായിരുന്നു.ബി.ജെ.പി ഒറ്റക്ക് മല്‍സരിച്ച് അവരുടെ അസ്ഥിത്വം സംരക്ഷിക്കാന്‍ ശ്രമിക്കുകയും യു.ഡി.എഫ് വര്‍ഗീയമായി ആരുടെയും വോട്ട് നേടാതെയുമാണ് ഏഴ് മണ്ഡലങ്ങള്‍ കൂടുതലായി നേടിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ട് മറിഞ്ഞിരുന്നുവെങ്കില്‍ വ്യക്തമായും ഇടതുമുന്നണി അധികാരത്തില്‍ നിന്ന് വീഴുമായിരുന്നു. (മുണ്ടയോട്, കോളാരി, കുഴിക്കാല്‍, നാലങ്കേരി, പരിയാരം, കയനി) ബി.ജെ.പി സാന്നിധ്യമുണ്ടായ മുണ്ടയോട് വാര്‍ഡില്‍ നാല് വോട്ടിന് മാത്രമാണ് ഇടത്മുന്നണി യു.ഡി.എഫിനോട് ജയിച്ചത്. സി.പി.എം 362 വോട്ട് നേടിയ കോളാരിയില്‍ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ സി.പി.എം നേടിയതിന്റെ ഇരട്ടി വോട്ട് (635) നേടുകയുണ്ടായി. പരിയാരം, കായനി വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥി നേടിയ അത്രയും വോട്ട് യു.ഡി.എഫും, ബി.ജെ. പിയും എസ്.ഡി.പി.ഐയും ചേര്‍ന്ന് നേടി. യു.ഡി.എഫ് വിജയിച്ച ആറ് വാര്‍ഡുകളില്‍ (മണ്ണൂര്‍, പൊറോറ, പെരിഞ്ചേരി, ഇളമ്പകം, ടൗണ്‍, മേത്തടി) ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം വോട്ട് നിലയില്‍ പ്രകടമായതായി കാണാം. ഇതില്‍ ഒരിടത്ത് ബി.ജെ.പിയാണ് യു.ഡി.എഫിന് തൊട്ടു താഴെ രണ്ടാം സ്ഥാനത്ത് എത്തിയത്. മുസ്‌ലിംലീഗിന്റെ തട്ടകത്തില്‍ പൊരുതാന്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസിനെ അലോസരപ്പെടുത്താന്‍ ബി.ജെ. പിയും ഉണ്ടായിരിക്കെ നേടിയ ഭൂരിപക്ഷമാണ് മട്ടന്നൂരില്‍ ഇടതുമുന്നണി നേടിയതെന്ന് ചുരുക്കം. മാത്രമല്ല, ഒറ്റക്ക് ജയിക്കാവുന്ന ചില വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ നീക്കത്തെയും ചെറുത്തുനിന്ന് കൊണ്ടാണ് യു.ഡി.എഫ് നിലവാരം മെച്ചപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

സി.പി.എമ്മിനകത്തെ
അടിയൊഴുക്കുകള്‍

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വാര്‍ഡ് ഉള്‍പ്പെടുന്നതാണ് മുനിസിപ്പാലിറ്റി. ടീച്ചറുടെ വാര്‍ഡില്‍ അസാധാരണമായ വോട്ട് സി.പി. എം സ്ഥാനാര്‍ഥി നേടിയിരുന്നു. എതിരാളികള്‍ക്ക് നൂറ് വോട്ട് പോലും കിട്ടാത്ത നിലയില്‍ സി.പി.എം സ്ഥാനാര്‍ഥി നേടിയത് 661 വോട്ട് നേടി. തന്റെ വാര്‍ഡില്‍ തിളക്കമാര്‍ന്ന വിജയം നേടി എന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശൈലജയുടെ വാര്‍ഡില്‍ തോറ്റു എന്ന് ഏതോ കേന്ദ്രം പ്രചരിപ്പിച്ചു എന്ന നിലയിലാണ് പോസ്റ്റ്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനുള്ളിലെ അടിയൊഴുക്കളുടെ വിശദീകരണം കൂടിയാവാം ടീച്ചറുടെ കുറിപ്പ് എന്ന് കരുതുന്നവരുണ്ട്. കാരണം, മട്ടന്നൂര്‍ അസംബ്ലി മണ്ഡലം നിലവില്‍വന്ന ശേഷം രണ്ട് തവണ വിജയിച്ച ഇ.പി ജയരാജന് കിട്ടാതിരുന്നതിനേക്കാള്‍ ഭൂരിപക്ഷത്തോടെ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട ശൈലജ പിന്നീട് മന്ത്രിയായില്ല എന്നത് ഏറെ പരിഭവം ഉയര്‍ന്ന ഒന്നാണ്. പുതുമുഖ പരിഗണനക്കിടയില്‍ അവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പുതിയ മന്ത്രിമാര്‍ ഇനിയും പഴയ മന്ത്രിമാരെപോലെ ഉയര്‍ന്നില്ല എന്ന് സി.പി.എമ്മിനുള്ളില്‍ പരിഭവം ഉയര്‍ന്നുനില്‍ക്കെയാണ് ശൈലജ ടീച്ചറുടെ വാര്‍ഡില്‍ തകര്‍പ്പന്‍ ജയം ആവര്‍ത്തിക്കുകയും എന്നാല്‍, മുനിസിപ്പാലിറ്റിയില്‍ മൊത്തത്തില്‍ തിരിച്ചടി നേരിടുകയും ചെയ്തു എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ടീച്ചര്‍ തന്നെ ഫേസ്ബുക്കില്‍ തന്റെ വാര്‍ഡിനെ ഹൈലൈറ്റ് ചെയ്തതിലെ അന്തര്‍ധാര മട്ടന്നൂര്‍ക്കാര്‍ക്ക് മാത്രം മനസ്സിലാവുന്ന ഒന്നല്ല. കേരള മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി ജയരാജന്‍ മട്ടന്നൂര്‍ അസംബ്ലി മണ്ഡലം ശൈലജക്ക് കൈമാറിയത് മുതല്‍ മട്ടന്നൂരില്‍ നടക്കുന്ന പാര്‍ലിമെന്ററി വടംവലി അറിയുന്നവര്‍ക്കെല്ലാം മുനിസിപ്പാലിറ്റിയിലെ അടിയൊഴുക്കിന്റെ ഭാഷ്യം തിരിച്ചറിയാനാവും.

web desk 3: