X

കേരളം മയക്കുമരുന്ന് ലോബിയുടെ പറുദീസയാക്കിയത് സി.പി.എമ്മെന്ന് എം.എം ഹസ്സന്‍

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് ലോബിയുടെ പറുദീസയായി മാറ്റിയതില്‍ സി.പി.എമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ലഹരിക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുകയും ലഹരിമാഫിയെ അമര്‍ച്ച ചെയ്യുമെന്ന് അധരവ്യായമം നടത്തുകയും ചെയ്യുമ്പോള്‍ അത്തരക്കാര്‍ക്ക് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാര്‍ സംരക്ഷണവും സഹായവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് പൊതുസമൂഹം കാണുന്നത്.

അതിന് ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസിന്റെ പാന്‍മസാല കള്ളക്കടത്തിലെ പങ്കെന്നും ഹസ്സന്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട ലഹരി ഉത്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തിയതിന് ഷാനവാസിന്റെ ലോറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ളക്കടത്തില്‍ പങ്കില്ലെന്ന് വരുത്താന്‍ സി.പി.എം നേതാവ് തയ്യാറാക്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തു. കൂടാതെ വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മറ്റുജോലിക്കാരും ഡി.വൈ.എഫ്.ഐക്കാരുമാണ്. ലഹരിക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതില്‍ നിന്നും തന്നെ ലഹരിക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ആത്മാര്‍ത്ഥത വ്യക്തമാണ്.

തലശ്ശേരിയില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊലചെയ്യപ്പെട്ട സംഭവത്തിലും പ്രതി ഡി.വൈ.എഫ്.ഐക്കാരനാണ്. സി.പി.എമ്മുകാര്‍ പ്രതികളല്ലാത്ത ഒരു ലഹരി കേസും സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നത് മറ്റൊരു വസ്തുതയാണ്. എന്നാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ ഒളിച്ചുകളി നടത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. ലഹരിക്കേസുകളില്‍ പ്രതികളാകുന്ന സി.പി.എമ്മുകാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് പ്രയോജനമില്ലെന്നും അവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള ശക്തമായ വകുപ്പ് ചുമത്തി കര്‍ശന നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.

webdesk12: