X

അത്തോളിയിലെ അഗ്നിപുഷ്പം

സി.പി സൈതലവി

റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.

അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.

കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.

പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.

ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.

കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.

ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.

ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.

ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.

ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.

പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.

അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.

1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ “നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.

അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച്‌ ആവശ്യപ്പെട്ടു.

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.

webdesk13: