തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം തുടരാന്‍ തീരുമാനിച്ചു. ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി. ഈ മാസം 13-ന് നിശ്ചയിച്ച സമ്പൂര്‍ണ ഒ.പി. ബഹിഷ്കരണം നടക്കും എന്നും സംഘടന അറിയിച്ചു.
ആരോഗ്യമന്ത്രി 44 നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും, കൂടുതല്‍ തസ്തികകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അറിയിച്ചെങ്കിലും, ശമ്പള പരിഷ്കരണ കുടിശ്ശിക സംബന്ധിച്ച് ധനമന്ത്രിയുമായി സംസാരിക്കാമെന്നതില്‍ മാത്രമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയതെന്ന് KGMCTA സംസ്ഥാന പ്രസിഡന്റ് ഡോ. റൊസ്നാരാ ബീഗം പറഞ്ഞു.
ധനമന്ത്രിയുമായി ചര്‍ച്ചയ്ക്കുള്ള സമയം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും, അതിനുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശമ്പള കുടിശ്ശിക അടയ്ക്കുക, മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് KGMCTAയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ജൂലൈ ഒന്നുമുതല്‍ റിലേ ഒ.പി. ബഹിഷ്കരണ സമരം തുടരുകയാണ്. സമരത്തിനിടെയായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്, എന്നാല്‍ ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ മൂലം സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.