പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് വിജയം കുറിച്ചു. പാരീസില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ ഒന്നിന്റെ വിജയമാണ് സ്വന്തമാക്കിയത്.
സീസണിലെ പതിനാറാം മത്സരത്തിലും പരാജയം അറിയാതെ മുന്നേറിയ ബയേണ്‍ തുടര്‍ച്ചയായ നാലാം ജയവും നേടി പോയിന്റ് ടേബിളില്‍ പിഎസ്ജിയെയും ആഴ്സണലിനെയും മറികടന്ന് ഒന്നാമതെത്തി.
ബയേണിന്റെ ഹീറോയാകുകയും വില്ലനാകുകയും ചെയ്തത് ലൂയിസ് ഡയസാണ്. നാലാം മിനിറ്റില്‍ തന്നെ ഡയസ് ബയേണിന് ലീഡ് നല്‍കി. പിന്നീട് 32-ാം മിനിറ്റിലും അതേ താരമാണ് പിഎസ്ജിയുടെ വലകുലുക്കിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ തൊട്ടുമുന്‍പ് അക്ക്‌റഫ് ഹക്കീമിയെ അപകടകരമായി ഫൗള്‍ ചെയ്തതിന് ഡയസിന് റെഡ് കാര്‍ഡ് ലഭിച്ച് പുറത്തുപോവേണ്ടി വന്നു.
പത്തുപേരുമായി രണ്ടാം പകുതിയില്‍ ബയേണ്‍ കളം നിറഞ്ഞു. പിഎസ്ജി ആക്രമണങ്ങള്‍ ശക്തമാക്കിയെങ്കിലും ബയേണിന്റെ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ അത്ഭുതസേവുകള്‍ ടീമിനെ രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്‍ ജാവോ നെവസ് പിഎസ്ജിക്കായി ആശ്വാസഗോള്‍ കണ്ടെത്തിയെങ്കിലും സമനില നേടാന്‍ ടീമിന് കഴിഞ്ഞില്ല.
മത്സരഫലം ബയേണ്‍ മ്യൂണിക്ക് 2 1 പിഎസ്ജി.